വന്ദേഭാരത് 2 മിനിട്ട് വൈകിയതിനു സസ്പെന്‍ഷന്‍; വിവാദമായതിനു പിന്നാലെ നടപടി പിന്‍വലിച്ചു
|വേണാട് എക്സ്പ്രസ് കടത്തിവിട്ടതിനാല്‍ രണ്ട് മിനിട്ട് ട്രയല്‍ റണ്‍ വൈകിയെന്നാരോപിച്ചായിരുന്നു സസ്പെഷന്‍
തിരുവനന്തപുരം: വന്ദേഭാരത് ട്രയല്‍ റൺ രണ്ട് മിനിട്ട് വൈകിയതില്‍ സസ്പെൻഷനിലായിരുന്ന റയില്‍വേ ചീഫ് കണ്‍ട്രോളറുടെ സസ്‌പെന്‍ഷന്‍ പിൻവലിച്ചു. നടപടി വിവാദമായതോടെയാണ് റെയിൽവേയുടെ പിൻമാറ്റം. ഉദ്യോഗസ്ഥനോട് ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം ഡിവിഷന്‍ ചീഫ് കണ്‍ട്രോളര്‍ ബി. എല്‍ കുമാറിനെതിരെയുള്ള നടപടിയാണ് പിൻവലിച്ചത്.
വേണാട് എക്സ്പ്രസ് കടത്തിവിട്ടതിനാല്‍ രണ്ട് മിനിട്ട് ട്രയല്‍ റണ്‍ വൈകിയെന്നാരോപിച്ചായിരുന്നു സസ്പെഷന്‍. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ദേ ഭാരത് ട്രയല്‍ റണ്‍ നടത്തുന്നതിനിടെ പിറവത്തെത്തിയ വേണാട് എക്സ്പ്രസ് കടന്നുപോകാനുള്ള സിഗ്നല്‍ ബി.എല്‍ കുമാര്‍ നല്‍കിയിരുന്നു. ഇത് ഗുരുതരമായ പിഴവെന്നാണ് റെയില്‍വെ കണ്ടെത്തിയത്. വന്ദേഭാരതിന്റെ ട്രയല്‍ റണ്ണിനായി ഇന്നലെ നിരവധി ട്രെയിനുകള്‍ വൈകിയാണ് ഓടിയത്.
തിങ്കളാഴ്ചയാണ് കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രയൽ റൺ പൂർത്തിയാക്കിയത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് പരീക്ഷണ ഓട്ടം നടത്തിയത്. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.10 ഓടെയാണ് ട്രെയിൻ പുറപ്പെട്ടത്.
ഉച്ചക്ക് 12.20 ഓടെയാണ് കണ്ണൂർ റെയിൽവെ സ്‌റ്റേഷനിൽ വന്ദേഭാരത് എത്തിയത്. തിരുവനന്തപുരം അടക്കം എട്ട് സ്റ്റേഷനുകളിലാണ് വന്ദേഭാരതിന് സ്റ്റോപ്പുകളുള്ളത്. തിരുവനന്തപുരം മുതൽ കൊല്ലം വരെയുള്ള ആദ്യ റീച്ചിൽ 90 കിലോമീറ്റർ വരെയായിരുന്നു വേഗം. 50 മിനിട്ട് കൊണ്ട് കൊല്ലെത്തിയ ട്രെയിൻ കോട്ടയത്തെത്താനെടുത്തത് രണ്ട് മണിക്കൂർ 16 മിനിറ്റായിരുന്നു.
ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്യുന്നതോടെ വന്ദേഭാരത് ട്രെയിൻ കേരളത്തിലും ഓടിത്തുടങ്ങും. ട്രയൽ റൺ വിജയകരമായി പൂർത്തിയായ പശ്ചാത്തലത്തിൽ റൂട്ട് സംബന്ധിച്ച് റെയിൽവേ ബോർഡ് അന്തിമ തീരുമാനം എടുക്കും. നിലവിലെ സാഹചര്യത്തിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ വരെയാവും സർവീസ്. ആദ്യ ഘട്ടത്തിൽ സർവീസ് കോഴിക്കോട് വരെയെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും റെയിൽവേ വൃത്തങ്ങൾ ഇത് തള്ളിയിട്ടുണ്ട്. സമയക്രമം സംബന്ധിച്ചും ഉടൻ തീരുമാനമുണ്ടാകും.