വന്ദേഭാരത് നിരക്ക്: എക്സിക്യുട്ടീവ് കോച്ചിന് 2400 രൂപ, എക്കോണമി കോച്ചിന് 1400
|രാവിലെ 5:10നാണ് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക
തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള വന്ദേഭാരത് ട്രെയിനിന്‍റെ നിരക്ക് പ്രഖ്യാപിച്ചു. എക്കോണമി കോച്ചിൽ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് ഭക്ഷണം സഹിതം നിരക്ക് 1400. എക്സിക്യൂട്ടീവ് കോച്ചിൽ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഭക്ഷണമടക്കം നിരക്ക് 2400 രൂപയാണ്.
ട്രെയിനില്‍ 78 സീറ്റ് വീതമുള്ള 12 എക്കോണമി കോച്ചുണ്ടാവും. 54 സീറ്റുകളുള്ള 2 എക്സിക്യൂട്ടീവ് കോച്ചാണുണ്ടാവുക. മുന്നിലും പിന്നിലും ആയി 44 സീറ്റു വീതുള്ള രണ്ടു കോച്ചുകൾ വേറെയുമുണ്ടാകും. രാവിലെ 5:10നാണ് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. 12.30ന് ട്രെയിന്‍ കണ്ണൂരിലെത്തും. ഉച്ചയ്ക്ക് 2.30ന് കണ്ണൂരില്‍ നിന്ന് തിരിക്കുന്ന ട്രെയിന്‍ രാത്രി 9.20ന് തിരുവനന്തപുരത്ത് തിരിച്ചെത്തും.
വന്ദേഭാരതത്തിൻറെ കന്നിയാത്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭാഗമായേക്കും. തിരുവനന്തപുരം മുതൽ കൊല്ലം വരെ യാത്ര ചെയ്യുന്നതാണ് പരിഗണനയിലുള്ളത്. അന്തിമ തീരുമാനം എസ്.പി.ജി എടുക്കും. ഏപ്രില്‍ 25ന് ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി യാത്രക്കാരുമായി സംവദിക്കും.
എട്ടു സ്റ്റോപ്പുകളാണ് നിലവില്‍ വന്ദേഭാരതിനുള്ളത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. വന്ദേഭാരതിന്‍റെ ട്രയല്‍ റണ്‍ ഇന്നലെയാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയാണ് പരീക്ഷണയോട്ടം നടത്തിയത്. തിരുവനന്തപുരം മുതല്‍ കൊല്ലം വരെയുള്ള ആദ്യ റീച്ചില്‍ 90 കിലോമീറ്റര്‍ വരെയായിരുന്നു വേഗം. 50 മിനിട്ട് കൊണ്ട് കൊല്ലത്തെത്തിയ ട്രെയിന്‍ കോട്ടയമെത്താന്‍ എടുത്തത് രണ്ട് മണിക്കൂര്‍ 16 മിനിട്ട്. എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ നിന്ന് 1 മണിക്കൂര്‍ സമയം കൊണ്ട് വന്ദേഭാരത് തൃശൂരിലെത്തി. അടുത്ത സ്റ്റോപ്പായ തിരൂരിലേക്ക് എത്താനെടുത്ത് 1 മണിക്കൂര്‍ 5 മിനിട്ട്. തിരൂരില്‍ നിന്ന് അരമണിക്കൂര്‍ കൊണ്ട് കോഴിക്കോടെത്തി. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടെത്താനെടുത്തത് മൊത്തം 6 മണിക്കൂര്‍ 6 മിനിട്ട്. തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലെത്താന്‍ 7 മണിക്കൂര്‍ 10 മിനിട്ടാണ് എടുത്തത്.
ഏപ്രില്‍ 25ന് ഫ്ലാഗ് ഓഫ് ദിനത്തില്‍ പൊതുജനത്തിന് വന്ദേഭാരതില്‍ യാത്ര ചെയ്യാന്‍ കഴിയില്ല. ഉദ്ഘാടനത്തിന് ശേഷം പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ള ബുക്കിങ് ആരംഭിക്കുമെന്നാണ് റെയില്‍വേയുടെ അറിയിപ്പ്.