'വന്ദേഭാരത് ട്രെയിനുകള്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബദല്‍'; നിലപാട് മാറ്റി ശശി തരൂര്‍ എം.പി
|സില്‍വര്‍ ലൈനേക്കാള്‍ ചിലവ് കുറഞ്ഞതും ഊര്‍ജ്ജ കാര്യക്ഷമമായ ബദലാകുമോ വന്ദേഭാരത് എന്ന് നോക്കേണ്ടത് അത്യാവശ്യമാണെന്നതാണ് തരൂരിന്‍റെ പുതിയ നിലപാട്
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിലപാട് മാറ്റി ശശി തരൂര്‍ എം.പി. വന്ദേഭാരത് ട്രെയിനുകള്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബദലാകുമോയെന്ന് പരിശോധിക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. സില്‍വര്‍ ലൈനിനെതിരായ നിവേദനത്തില്‍ ഒപ്പ് വെയ്ക്കാന്‍ ശശി തരൂര്‍ എം.പി തയ്യാറാവാതിരുന്നത് കെ.പി.സി.സിയേയും യുഡിഎഫിനേയും വെട്ടിലാക്കിയിരുന്നു. തുടര്‍ന്ന് തരൂരിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമങ്ങള്‍ നടത്തിയെങ്കിലും വേണ്ടത്ര വിജയിച്ചില്ല. അതിനിടെയാണ് കേന്ദ്ര ബജറ്റില്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയുള്ള 400 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ചത് ചൂണ്ടികാട്ടിയുള്ള ശശി തരൂരിന്‍റെ നിലപാട് മാറ്റം.
സില്‍വര്‍ ലൈനേക്കാള്‍ ചിലവ് കുറഞ്ഞതും ഊര്‍ജ്ജ കാര്യക്ഷമമായ ബദലാകുമോ വന്ദേഭാരത് എന്ന് നോക്കേണ്ടത് അത്യാവശ്യമാണെന്നതാണ് തരൂരിന്‍റെ പുതിയ നിലപാട്. അങ്ങനെ വന്നാല്‍ കേരളത്തിന്‍റെ വികസനത്തിന് വേഗതയുള്ള ഗതാഗത സൌകര്യമെന്ന സര്‍ക്കാര്‍ ആവശ്യകതയ്ക്ക് പരിഹാരമാവും. പ്രതിപക്ഷത്തിന്‍റെ സാമ്പത്തിക, പരിസ്ഥിതി ആഘാതം ആശങ്കകളും ഇല്ലാതാകുമെന്നും ശശി തരൂര്‍ ഫേസ് ബുക്കില്‍ കുറിച്ചു. വന്ദേഭാരത് ട്രെയിന്‍ മതിയെന്ന നിലപാടിലേക്കുള്ള തരൂരിന്‍റെ മാറ്റം കെ.പി.സി.സി നേതൃത്വത്തിനും ആശ്വാസമായി.