വണ്ടിപ്പെരിയാർ കേസ്; പ്രതിയെ വെറുതെ വിട്ടതിനെതിരെ അപ്പീൽ, പ്രതിക്ക് നോട്ടീസ്
|കീഴ്‌ക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്
കൊച്ചി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയെ വെറുതെ വിട്ടതിനെതിരായ സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. പ്രതിക്ക് കോടതി നോട്ടീസ് അയച്ചു. പ്രതി അർജുന് ആണ് കോടതി നോട്ടീസ് അയച്ചത്. പ്രതിയുടെ വിശദീകരണം കൂടി കേട്ട ശേഷമായിരിക്കും വിശദമായ വാദത്തിലേക്ക് കടക്കുക. കീഴ്‌ക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. പ്രധാനപ്പെട്ട ചില ആരോപണങ്ങൾ കീഴ്‌ക്കോടതിക്കെതിരെ സർക്കാർ ഉന്നയിച്ചിരുന്നു.
പ്രതിക്കെതിരെ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെയുണ്ടായിട്ടും അതൊന്നും പരിഗണിക്കാതെയാണ് കീഴ്‌ക്കോടതി പ്രതിയെ വിട്ടയക്കുന്ന തീരുമാനത്തിലേക്ക് എത്തിയതെന്നാണ് പ്രധാന ആരോപണം. വിചാരണ തെളിവുകളുടെ അഭാവമാണ് കീഴ്‌ക്കോടതി പ്രധാനമായും ചൂണ്ടിക്കാട്ടിയത്. എന്നാൽ പെൺകുട്ടി കൊല്ലപ്പെട്ട മുറിയിൽ നിന്നും പ്രതി അർജുനിന്റെ മുടി ലഭിച്ചിരുന്നു. ഇതിന്റെ ഡി.എൻ.എ ഫലം ഉൾപ്പെടെ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതൊന്നും പരിഗണിക്കാതെ പ്രതിയെ കീഴ്‌ക്കോടതി കുറ്റവിമുക്തനാക്കിയെന്നാണ് സർക്കാർ ആരോപണം.
2021 ജൂൺ 30 നാണ് ആറുവയസുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഷാള്‍ കുരുങ്ങി മരിച്ചതാണെന്നാണ് ആദ്യം കരുതിയെങ്കിലും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് കുട്ടി പീഡനത്തിനിരയായെന്നും കൊലപാതകമാണെന്നും കണ്ടെത്തിയത്. തുടർന്നാണ് വണ്ടിപെരിയാർ സ്വദേശി അർജുനെ പൊലീസ് അറസ്റ്റ് ചെയ്തത്.മൂന്ന് വയസുമുതൽ പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നെന്നും മാതാപിതാക്കള്‍ ജോലിക്ക് പോയ സമയം മുതലെടുത്തായിരുന്നു പീഡനത്തിനിടെ പെണ്‍കുട്ടി കൊല്ലപ്പെടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
2021 സെപ്തംബർ 21ന് ഈ കേസിലെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷമാണ് കേസിന്റെ വിചാരണ തുടങ്ങിയത്. എന്നാൽ പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ സാധിച്ചിരുന്നില്ല. ഇതിനാലാണ് പ്രതിയെ വെറുതെ വിടുന്നതെന്ന് കോടതി അറിയിച്ചു..അതേസമയം, പ്രതിയെ വെറുതെ വിട്ട നടപടിയിൽ നിരാശയുണ്ടെന്നും മകള്‍ക്ക് നീതി ലഭിച്ചില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ കോടതി വിധി കേട്ടത്.