മന്ത്രി പി രാജീവിന്‍റെ ഭാര്യ ഡോ. വാണി എ കേസരിയുടെ നിയമനം ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ശരിവച്ചു
|2009 ൽ സർവ്വകലാശാല അധ്യാപികയായി നിയമനം ലഭിച്ചത് നിയമാനുസൃതമാണന്ന സിംഗിൾ ബഞ്ച് വിധിക്കെതിരെ ഉദ്യോഗാർത്ഥിയായിരുന്ന ഡോ. സോണിയ കെ ദാസ് സമർപ്പിച്ച അപ്പീലാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്
മന്ത്രി പി രാജീവിന്‍റെ ഭാര്യ ഡോ. വാണി എ കേസരിയുടെ കുസാറ്റ് സർവകലാശാലയിലെ നിയമനം ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ശരിവച്ചു. 2009 ൽ സർവ്വകലാശാല അധ്യാപികയായി നിയമനം ലഭിച്ചത് നിയമാനുസൃതമാണന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഉദ്യോഗാർത്ഥിയായിരുന്ന ഡോ. സോണിയ കെ.ദാസ് സമർപ്പിച്ച അപ്പീലാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്.
കുസാറ്റ് ലീഗൽ സ്റ്റഡീസ് ഡയറക്ടറായ വാണിയുടെ നിയമനത്തെച്ചൊല്ലിയായിരുന്നു പരാതി. എ.എൽ.എം റാങ്ക് ജേതാവായ വാണി എം.ജി യൂണിവേഴ്സിറ്റി ലീഗൽ തോട്ടിൽ അധ്യാപികയായിരിക്കെയാണ് കുസാറ്റിൽ അധ്യാപികയായി നിയമിക്കപ്പെടുന്നത്. അധ്യാപനപരിജയവും യോഗ്യതയും കണക്കിലെടുത്താണ് സെലക്ഷൻ കമ്മറ്റി മാർക്ക് നൽകിയത് എന്നും നിയമനലിസ്റ്റിൽ വാണി ഒന്നാം റാങ്ക് കാരിയാണെന്നും വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ച് നിയമനത്തിനെതിരായ അപ്പീൽ തള്ളിയത്.
വാണിക്ക് ഏഴ് വർഷത്തെ അധ്യാപന പരിജയമുള്ളപ്പോൾ അപ്പീൽ നൽകിയ വ്യക്തിക്ക് മൂന്ന് വർഷത്തിന്‍റെ മാത്രം അധ്യാപന പരിജയമാണെന്ന സർവകലാശാലയുടെ വാദം കോടതി ശരിവച്ചു. യു.ജി.സി മാർഗനിർദേശപ്രകാരമല്ല സെലക്ഷൻ കമ്മറ്റി രൂപീകരിച്ചതെന്ന വാദം നിലനിൽക്കില്ല. സെലക്ഷൻ കമ്മറ്റിയുടെ രൂപീകരണത്തിൽ ആർക്കും പരാതിയില്ലെന്ന് പറഞ്ഞാണ് കോടതി അപ്പീൽ തള്ളിയത്.