വാരിയംകുന്നന്‍റെ യഥാർഥ ചിത്രമടങ്ങിയ പുസ്തകത്തിന്‍റെ പ്രകാശനം ഇന്ന്
|റമീസ് മുഹമ്മദ് എഴുതിയ 'സുല്‍ത്താന്‍ വാരിയംകുന്നന്‍' എന്ന പുസ്തകം പ്രകാശനം ചെയ്യുന്നത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബം ആണ്
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർഥ ചിത്രമടങ്ങിയ പുസ്തകപ്രകാശനം ഇന്ന് മലപ്പുറത്ത്. റമീസ് മുഹമ്മദ് എഴുതിയ 'സുല്‍ത്താന്‍ വാരിയംകുന്നന്‍' എന്ന പുസ്തകം പ്രകാശനം ചെയ്യുന്നത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബം ആണ്. പ്രകാശനം നിർവഹിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് വാരിയംകുന്നത്തിന്‍റെ പരമ്പരയിൽ പെട്ട ഹാജറ മീഡിയവണിനോട് പറഞ്ഞു.
ഏറെ നാളായുള്ള ഗവേഷണമാണ് പുസ്തകമായതെന്ന് രചയിതാവ് റമീസ് മുഹമ്മദ് പറയുന്നു. വാരിയംകുന്നന്‍റെ യഥാർഥ ചിത്രം ലഭിക്കാൻ തന്നെ കുറെയധികം അന്വേഷണങ്ങൾ നടത്തി. ഇതു രണ്ടാം തവണയാണ് കുഞ്ഞഹമ്മദ് ഹാജിയുടെ പരമ്പരയിൽ പെട്ട ഹാജറ മലപ്പുറത്തെത്തുന്നത്. വാരിയംകുന്നന്‍റെ ചരിത്രം മുത്തച്ഛൻ പറഞ്ഞറിയാമെന്നു ഹാജറ പറയുന്നു . ആദ്യമായി വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം കണ്ടതിലാണ് ഏറെ സന്തോഷമെന്ന് ഹാജറ പറയുന്നു. ഇന്ന് വൈകിട്ടാണ് റമീസ് മുഹമ്മദ് എഴുതിയ പുസ്തകം പുറത്തിറങ്ങുക. ഓൺലൈൻ ബുക്കിങ്ങിൽ വലിയ സ്വീകാര്യതയാണ് പുസ്തകത്തിന് ലഭിച്ചത്.