വര്‍ക്കല തീപ്പിടിത്തം; മരിച്ചവരുടെ സംസ്കാരം ഇന്ന് നടക്കും
|കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു വീടിന് തീപിടിച്ച് പിഞ്ചുകുഞ്ഞടക്കം അഞ്ച് പേര് മരിച്ചത്
വര്‍ക്കലയില്‍ വീടിന് തീ പിടിച്ച് മരിച്ചവരുടെ സംസ്കാരം ഇന്ന് നടക്കും. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു വീടിന് തീപിടിച്ച് പിഞ്ചുകുഞ്ഞടക്കം അഞ്ച് പേര് മരിച്ചത്. പുക ശ്വസിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. റൂറൽ എസ്.പി ദിവ്യ ഗോപിനാഥിന്റെ മേൽനോട്ടത്തില്‍ പ്രത്യേക സംഘം കേസ് അന്വേഷിക്കും.
വീടിനോട് ചേര്‍ന്നുള്ള പുരയിടത്തില്‍ അവര്‍ അഞ്ച് പേര് ഇനി ഉറങ്ങും. ഒരു നാടിനെയാകെ ദുഃഖത്തിലാഴ്ത്തി വീടിന് തീപിടിച്ച് കഴിഞ്ഞ ദിവസമായിരുന്നു പ്രതാപനും കുടുംബവുമാണ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികതയില്ല. പുക ശ്വസിച്ചതാണ് മരണകാരണം. 50 ശതമാനത്തിലേറെ പൊള്ളലേറ്റതും മരണകാരണമായി. ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു. വീട്ടിലുണ്ടായിരുന്ന ആറ് പേരില്‍ നിഖുല്‍ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
വിദേശത്തുള്ള ബന്ധുക്കള്‍ എത്തുന്നതോടെ സംസ്കാരം നടക്കുമെന്നാണ് സൂചന. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. റൂറൽ എസ്.പി ദിവ്യ ഗോപിനാഥിന്റെ മേൽനോട്ടത്തില്‍ ഡി.വൈ.എസ്.പി പി നിയാസിനാണ് അന്വേഷണ ചുമതല. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വര്‍ക്കല ബ്ലോക്ക് ഓഫീസിന് സമീപത്തെ പച്ചക്കറി മൊത്ത വ്യാപാരിയായിരുന്നു പ്രതാപന്.