കാഫിർ സ്‌ക്രീൻഷോട്ട്: കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് സമയം നീട്ടിനൽകി കോടതി
|ഇന്ന് കേസ് പരിഗണിച്ചപ്പോൾ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നില്ല
കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ടിൽ കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് സമയം നീട്ടിനൽകി കോടതി. തിങ്കളാഴ്ച കേസ് ഡയറി സമർപ്പിക്കണമെന്ന് വടകര ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി അന്ത്യശാസനം നൽകി. കേസ് 29ന് വീണ്ടും പരിഗണിക്കും.
അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്നു തന്നെ ഹാജരാക്കണമെന്ന് നേരത്തെ വടകര ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നിർദേശിച്ചിരുന്നു. എന്നാല്‍, ഇന്ന് കേസ് പരിഗണിച്ചപ്പോൾ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നില്ല. ഇടത് സൈബർ ഗ്രൂപ്പുകളുടെ അഡ്മിൻമാരുടെയും എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിൻ്റെയും ഫോൺ പരിശോധിച്ചതിൻ്റെ ഫോററൻസിക് പരിശോധാഫലം വന്നില്ലെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്. ഇതിനാൽ റിപ്പോർട്ട് സമർപ്പിക്കാൻ സാവാകാശം വേണമെന്നും ആവശ്യപ്പെടുകയായിരുന്നു.
അന്വേഷണ പുരോഗതിയുടെ റിപ്പോർട്ടും പിടിച്ചെടുത്ത ഫോണുകളുടെ ഫോറൻസിക് പരിശോധനാ ഫലവും ഹാജരാക്കാൻ രണ്ടാഴ്ച മുന്‍പുതന്നെ കോടതി പൊലീസിനോട് നിർദേശിച്ചിരുന്നു. എന്നാൽ, പൊലീസ് കൂടുതൽ സമയം തേടുകയായിരുന്നു.
Summary: Vatakara first class judicial magistrate court extends time to police to produce case diary in Kafir screenshot