''മന്ത്രി വാസവൻ സാറാണ് എന്റെ കൺകണ്ട ദൈവം''; മരണത്തെ തോല്പിച്ച് വാവ സുരേഷ് സ്വന്തം കുടിലില്‍, കെട്ടിപ്പിടിച്ച് കരഞ്ഞ് അമ്മ
|''ഇപ്പോഴത്തെ എന്റെ ജീവൻ കോട്ടയംകാരുടെ ദാനമാണ്. എന്റെ നാട്ടിൽപോലും കിട്ടാത്ത പിന്തുണയാണ് അവിടെ കിട്ടിയത്. മരണാവസ്ഥയിൽ കിടക്കുമ്പോൾ പോലും വളരെ മോശമായി പറഞ്ഞവരോടൊന്നും ഒന്നും പറയാനില്ല''
ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സഹായിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി പറഞ്ഞ് വാവ സുരേഷ്. പാമ്പുകടിയേറ്റ് കോട്ടയത്ത് ചികിത്സയിലായിരുന്ന സുരേഷ് അപകടനില തരണം ചെയ്ത് ശ്രീകാര്യത്തെ വീട്ടിലെത്തി. തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കവെയാണ് വാവ സുരേഷ് എല്ലാവര്ക്കും നന്ദിയും കടപ്പാടുമറിയിച്ചത്.
ഇപ്പോൾ ഞാൻ ആരാധിക്കുന്നത് ഒരു മനുഷ്യനെ മാത്രമാണ്. കോട്ടയത്തിന്റെ സ്വന്തം മന്ത്രിയായ വി.എൻ വാസവൻ സാറാണ് എന്റെ ഇപ്പോഴത്തെ കൺകണ്ട ദൈവം. എനിക്ക് ഇങ്ങനെയൊരു അപകടമുണ്ടായെന്ന് അറിഞ്ഞപ്പോൾ തന്നെ അദ്ദേഹം അവിടെ വന്നു. അവിടെ പേപ്പർവർക്കിനൊന്നും നിൽക്കാതെ എന്റെ 'മരിച്ച' ശരീരവുമായി ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജിൽ കൊണ്ടുപോയി. പോകുന്ന വഴിക്ക് തന്നെ അദ്ദേഹം എല്ല ഡോക്ടർമാരെയും വകുപ്പ് മേധാവികളെയെല്ലാം വിളിച്ച് കോഡിനേറ്റ് ചെയ്തു. ആശുപത്രിയിലും എല്ലാ വകുപ്പിലുള്ളവരും നന്നായി സഹായിച്ചതുകൊണ്ടാണ് ജീവിതത്തിലേക്ക് തിരിച്ചെത്താനായത്-വാവ സുരേഷ് പറഞ്ഞു.
''ഇപ്പോഴത്തെ എന്റെ ജീവൻ കോട്ടയംകാരുടെ ഒരു ദാനമാണ്. എന്റെ നാട്ടിൽപോലും കിട്ടാത്ത പിന്തുണയാണ് അവിടെ കിട്ടിയത്. മന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു ട്രസ്റ്റിന്റെ എല്ലാ സഹായവും ലഭിച്ചു. എന്റെ ജീവിതം ഇനി കോട്ടയംകാർക്കു വേണ്ടിയാണ്.''
പ്രതീക്ഷയില്ലാത്ത ജീവിതത്തിൽനിന്ന് ശുഭപ്രതീക്ഷയുള്ള ജീവിതത്തിലേക്ക് എന്നെ തിരിച്ചെത്തിച്ച നല്ല മനസിനുടമകൾക്ക് നന്ദി പറയുന്നു. എനിക്കു വേണ്ടി പള്ളികളിലും ചർച്ചുകളിലും അമ്പലങ്ങളിലും വഴിപാട് നേർന്ന് പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയെന്നും അദ്ദേഹം അറിയിച്ചു.
''വിമര്‍ശകര്‍ക്ക് മലയാളികള്‍ മറുപടി നല്‍കും''
ഈ മരണാവസ്ഥയിൽ കിടക്കുമ്പോൾ പോലും വളരെ മോശമായി എനിക്കെതിരെ പറഞ്ഞവരോടൊന്നും ഒന്നും പറയാനില്ല. അവർക്ക് എന്നെ സ്നേഹിക്കുന്ന മലയാളികൾ മറുപടി കൊടുക്കും. എനിക്കു കിട്ടുന്ന സ്നേഹമൊന്നും വിലയ്ക്ക് വാങ്ങിയതല്ല. ജനങ്ങൾ എന്നെ മനസ്സറിഞ്ഞ് മനസിലേറ്റിയത് എന്റെ പ്രവർത്തനങ്ങൾ കണ്ടാണ്.
ഒരിക്കലും ജീവിതത്തിലേക്ക് വരുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല. കടി കിട്ടിയ കുറിച്ചി എന്ന സ്ഥലത്ത് ഒരു പഞ്ചായത്ത് മെമ്പർ എന്നെ വിളിച്ചപ്പോൾ എന്നെ വിളിക്കരുതെന്ന ഒരു കാംപയിൻ തന്നെ നടക്കുന്നതായി അറിഞ്ഞു. അത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്നു മനസിലാകുന്നില്ല.
എന്നെ വിളിക്കുന്ന സമയത്ത് ഒരു അപകടാവസ്ഥയിലായിരുന്നു ഞാൻ. ജനുവരി 17ന് പത്തനംതിട്ട പോയിവരുന്ന വഴിക്ക് പോത്തൻകോട്ട് വച്ച് കാറിടിക്കുകയും എന്റെ നട്ടെല്ലിന്ന് പൊട്ടലുണ്ടാകുകയും ചെയ്തു. കഴുത്തിനും മൂക്കിനുമെല്ലാം നെറ്റിയിലുമെല്ലാം പരിക്കേറ്റിരുന്നു. ആ സമയത്താണ് വേറെ ആരെയും കിട്ടിയില്ലെന്നു പറഞ്ഞപ്പോൾ ഞാൻ പോകുന്നത്. പാമ്പിനെ പിടിച്ച് ഷോ കാണിച്ചതൊന്നുമില്ല. പാമ്പിനെ പിടിക്കാനായി കുനിഞ്ഞപ്പോൾ പെട്ടെന്ന് നട്ടെല്ലിന് വേദന അനുഭവപ്പെടുകയും എന്റെ ശ്രദ്ധ പാമ്പിൽനിന്ന് മാറുകയുമാണുണ്ടായത്. അതുകൊണ്ട് മാത്രമാണ് കടി കിട്ടിയതെന്നും വാവ സുരേഷ് കൂട്ടിച്ചേര്‍ത്തു.
Summary: Vava Suresh returns to his home after discharged from the Medical College Hospital in Kottayam undergoing treatment for a serious snakebite