മൂർഖന്റെ കടിയേറ്റിട്ടും വിട്ടില്ല, വലിച്ചെടുത്ത ശേഷം കാലിലെ രക്തം ഞെക്കിയെടുത്തു; വാവാ സുരേഷിന്റെ ദൃശ്യങ്ങൾ
|സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്
ചങ്ങനാശ്ശേരി: കടിയേറ്റ ശേഷവും മൂർഖൻ പാമ്പിനെ അസാമാന്യ ധൈര്യത്തോടെ പിടികൂടുന്ന വാവാ സുരേഷിന്റെ ദൃശ്യങ്ങൾ പുറത്ത്. ആദ്യം മൂര്‍ഖനെ കൈയിലെടുത്ത ശേഷം നിരവധി തവണ ചാക്കിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും അതു വഴങ്ങിയില്ല. അതിനിടെ പാമ്പ് വാവാ സുരേഷിന്റെ മുട്ടിന് മുകളിൽ കടിച്ചു. ഉടന്‍ തന്നെ സുരേഷ് ബലം പ്രയോഗിച്ച് പാമ്പിനെ വലിച്ചെടുക്കുകയും തറയിലേക്കിടുകയും ചെയ്തു.
പാമ്പു കടിച്ച ഭാഗത്തെ രക്തം സുരേഷ് ഞെക്കിക്കളയുന്നതും ദൃശ്യങ്ങളിലുണ്ട്. കരിങ്കല്ലുകൾക്കിടയിലേക്ക് ഇഴഞ്ഞുപോകുന്ന പാമ്പിനെ പിടിച്ചെടുത്ത് ചാക്കിലേക്ക് മാറ്റി. കടിയേറ്റതിന്റെ മുകൾ ഭാഗത്ത് തോർത്തു വച്ച് കെട്ടുകയും ചെയ്തു. വേഗത്തിൽ സർക്കാർ ആശുപത്രിയിലെത്തിക്കണെന്ന് കൂടെയുള്ളവരോട് ആവശ്യപ്പെട്ടു.
പഞ്ചായത്തംഗം ബിആർ മഞ്ജീഷിന് ഒപ്പമാണ് വാവ സുരേഷ് പാമ്പു പിടിക്കാനെത്തിയത്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ തൊണ്ടയിൽ കൈ കടത്തി ഛർദിക്കാനും നെഞ്ചത്ത് കൈയടിച്ച് ശ്വാസഗതി നേരെയാക്കാനും അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. കോട്ടയത്തെ ഭാരത് ആശുപത്രിയിലാണ് സുരേഷിനെ ആദ്യം പ്രവേശിപ്പിച്ചത്. വാഹനത്തിൽ നിന്ന് ഇറക്കുമ്പോൾ തന്നെ ആന്റിവെനം കുത്തിവയ്പ്പ് നൽകിയിരുന്നു. അതിവേഗത്തിൽ തീവ്രപരിചരണ വിഭാഗത്തിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
സുരേഷിൻറെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. ചികിത്സക്കായി ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ തന്നെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ദ്രാവക രൂപത്തിലുള്ള ഭക്ഷണം സ്വീകരിക്കുന്നുണ്ട്. ആരോഗ്യ പുരോഗതി വിലയിരുത്താൻ മെഡിക്കൽ ബോർഡ് ഇന്ന് വീണ്ടും ചേരും. വെൻറിലേറ്റർ മാറ്റുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. ചികിത്സയുടെ മുഴുവൻ ചെലവും സർക്കാരാണ് വഹിക്കുന്നത്. വാവ സുരേഷിന് വേണ്ടി പ്രാർഥനയിലാണ് കോട്ടയം കുറിച്ചി പാട്ടാശേരിയിലെ ജനം.