വാവാ സുരേഷിന്റെ ആരോഗ്യനില തൃപ്തികരം
|പറയുന്ന കാര്യങ്ങൾ സുരേഷിന് മനസ്സിലാകുന്നുണ്ടെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് ടി.കെ ജയകുമാർ
മൂർഖൻ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ടി.കെ ജയകുമാർ. വാവാ സുരേഷ് വെന്റിലേറ്ററിൽ തന്നെ തുടരുകയാണെന്നും മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ടെന്നും കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. പറയുന്ന കാര്യങ്ങൾ സുരേഷിന് മനസ്സിലാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചിയിൽവെച്ച് തിങ്കളാഴ്ച 4.30-ഓടെയാണ് വാവ സുരേഷിന് പാമ്പ് കടിയേറ്റത്. ഏഴടി നീളമുള്ള മൂർഖനെ പിടിച്ച് ചാക്കിലേക്ക് മാറ്റുന്നതിനിടെ പൊടുന്നനെ വളഞ്ഞുവന്ന് സുരേഷിൻറെ വലതുതുടയിൽ കടിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വാവ സുരേഷിൻറെ ചികിത്സക്കായി ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ തന്നെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. ചികിത്സയുടെ മുഴുവൻ ചെലവും സർക്കാരാണ് വഹിക്കുന്നത്. വാവ സുരേഷിന് വേണ്ടി പ്രാർഥനയിലാണ് കോട്ടയം കുറിച്ചി പാട്ടാശേരിയിലെ ജനങ്ങൾ.