Kerala
സിദ്ധാർഥന്റെ മരണം; വെറ്ററിനറി സർവകലാശാല ഡീനും അസിസ്റ്റന്റ് വാർഡനും നൽകിയ വിശദീകരണം തള്ളി വി.സി
Kerala

സിദ്ധാർഥന്റെ മരണം; വെറ്ററിനറി സർവകലാശാല ഡീനും അസിസ്റ്റന്റ് വാർഡനും നൽകിയ വിശദീകരണം തള്ളി വി.സി

Web Desk
|
5 March 2024 8:55 AM GMT

വിഷയത്തിൽ വീഴ്ച പറ്റിയില്ലെന്നായിരുന്നു ഇരുവരുടെയും വിശദീകരണം.

വയനാട്: സിദ്ധാർഥന്റെ മരണത്തിൽ വെറ്ററിനറി കോളജ് ഡീനും അസിസ്റ്റന്റ് വാർഡനും നൽകിയ വിശദീകരണം വി.സി തള്ളി. വിഷയത്തിൽ വീഴ്ച പറ്റിയില്ലെന്നായിരുന്നു ഇരുവരുടെയും വിശദീകരണം. ഇരുവർക്കുമെതിരെ ഇന്നുതന്നെ നടപടിയുണ്ടായേക്കും.

ഗവർണർ സസ്പെൻ്റ് ചെയ്ത വി.സിക്ക് പകരം ചുമതലയേറ്റ വൈസ് ചാൻസലറാണ് കോളജ് ഡീനിനോടും അസിസ്റ്റന്റ് വാർഡനോടും വിശദീകരണം തേടിയത്. രണ്ടു ദിവസത്തെ സമയം ആവശ്യപ്പെട്ടെങ്കിലും ഇന്ന് പത്തരയ്ക്ക് മുമ്പാകെ വിശദീകരണം നൽകണമെന്നായിരുന്നു വൈസ് ചാൻസലർ ആവശ്യപ്പെട്ടത്. ഇതോടെ നൽകിയ വിശദീകരണത്തിലാണ് മരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന ഇരുവരുടേയും മറുപടി.

അതിനിടെ, സിദ്ധാർഥനെ മൃഗീയ പീഡനത്തിനിരയാക്കിയപ്പോൾ ഏറ്റവും ക്രൂരമായി മർദിച്ചത് കൊല്ലം സ്വദേശികളായ ആർ.എസ് കാശിനാഥൻ, സിൻജോ ജോൺസൺ, വയനാട് മാനന്തവാടി സ്വദേശികളായ അമൽ ഇഹ്സാൻ, കെ.അരുൺ എന്നിവരാണെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. നിലവിൽ റിമാൻഡിൽ കഴിയുന്ന 18 പ്രതികൾക്കെതിരെയും ക്രിമിനൽ ഗൂഢാലോചനാകുറ്റം ചുമത്തിയതായും പൊലീസ് വ്യക്തമാക്കി.

മകൻ്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാൻ നിയമോപദേശം തേടിയെന്ന് സിദ്ധാർഥന്റെ അച്ഛൻ ജയപ്രകാശ് പറഞ്ഞു. കുറ്റപത്രത്തിൽ എന്തൊക്കെ കുറ്റങ്ങൾ ചുമത്തും എന്നത് അനുസരിച്ചായിരിക്കും തീരുമാനം. പൊലീസ് അന്വേഷിച്ചാൽ പ്രതികൾ രക്ഷപെടും എന്നാണ് കരുതുന്നതെന്നും ജയപ്രകാശ് പറഞ്ഞു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വെറ്ററിനറി സർവകലാശാല അഞ്ചുദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ന് മുതൽ പത്താം തീയതി വരെ റെഗുലർ ക്ലാസുകൾ ഉണ്ടാകില്ലെന്നാണ് അക്കാദമിക് ഡയറക്ടറുടെ അറിയിപ്പ്.

Similar Posts