കേരള സർവകലാശാല സെനറ്റ് യോഗത്തിന് പൊലീസ് സംരക്ഷണം വേണമെന്ന് വി.സി
|സെനറ്റ് അംഗങ്ങളെ തടയാൻ സാധ്യതയുണ്ടെന്ന പരാതിയെ തുടർന്നാണ് നീക്കം
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോഗത്തിന് പൊലീസ് സംരക്ഷണം വേണമെന്ന് വൈസ് ചാൻസലർ. സിറ്റി പോലീസ് കമ്മീഷണർക്ക് കത്ത് നൽകാൻ രജിസ്ട്രാർക്ക് നിർദേശം നൽകി.
സെനറ്റ് അംഗങ്ങളെ തടയാൻ സാധ്യതയുണ്ടെന്ന പരാതിയെ തുടർന്നാണ് നീക്കം. കാലിക്കറ്റ് സർവകലാശാലയിലെ സംഭവങ്ങൾ ആവർത്തിച്ചേക്കുമെന്നും പരാതിയിൽ പറയുന്നുണ്ട്.
ചാൻസിലറുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് കേരളയിൽ യൂണിവേഴ്സിറ്റി പ്രതിനിധിയെ കണ്ടെത്താനുള്ള വൈസ് ചാൻസിലറുടെ നീക്കം. നോമിനിയെ നൽകുന്ന കാര്യം ചർച്ച ചെയ്യാൻ ഈ മാസം 16നാണ് പ്രത്യേക യോഗം വിളിച്ചത്.
കേരള സർവകലാശാലയിലെ 106 അംഗങ്ങളിൽ ഇടത് അംഗങ്ങൾക്ക് തന്നെയാണ് ഭൂരിപക്ഷം. അതുകൊണ്ട് യോഗം ചേർന്നാലും പ്രതിനിധിയെ തീരുമാനിക്കാൻ ഒരു സാധ്യതയും ഇല്ല. ക്വാറം തികയാതെ പിരിഞ്ഞാലും ഫലം ഇത് തന്നെയാകും. ഗവർണറുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് വിസി പ്രവർത്തിക്കുന്നു എന്ന ആരോപണം നേരത്തെ സിൻഡിക്കേറ്റ് ഉന്നയിച്ചിരുന്നു.