Kerala
വിസിമാരെ നിയമിച്ചത് ഗവർണർ, രാജി വെക്കുമ്പോൾ വിശദീകരണം ചോദിച്ചില്ല; സതീശനെ തള്ളി കെ.മുരളീധരൻ
Kerala

'വിസിമാരെ നിയമിച്ചത് ഗവർണർ, രാജി വെക്കുമ്പോൾ വിശദീകരണം ചോദിച്ചില്ല'; സതീശനെ തള്ളി കെ.മുരളീധരൻ

Web Desk
|
25 Oct 2022 6:42 AM GMT

'വേണുഗോപാൽ പറഞ്ഞതാണ് പാർട്ടിയുടെ ദേശീയ നിലപാട്, കോൺഗ്രസ് ദേശീയ നേതൃത്വത്തിനൊപ്പമാണ്'

തിരുവനന്തപുരം: ഗവർണർ-സർക്കാർ പോരിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ തള്ളി കെ.മുരളീധരൻ.കെ സി വേണുഗോപാൽ പറഞ്ഞതാണ് പാർട്ടിയുടെ ദേശീയ നിലപാടെന്നും കോൺഗ്രസ് ദേശീയ നേതൃത്വത്തിനൊപ്പമാണെന്നും കെ മുരളീധരൻ പറഞ്ഞു. ഗവർണറെ ന്യായീകരിച്ചതിനെ കുറിച്ച് സുധാകരനോടും സതീശനോടും ചോദിക്കണമെന്നും കെ മുരളീധരൻ പറഞ്ഞു.

'വി.സിമാരുടെ രാജി ആവശ്യപ്പെടും മുമ്പ് വിശദീകരണം തേടിയില്ല. ഇപ്പോൾ പുറത്താക്കുന്നവരിൽ വിസിമാരെയും നിയമിച്ചത് ആരിഫ് മുഹമ്മദ് ഖാനാണ്. അന്ന് നിയമം ഗവർണർക്ക് അറിയില്ലായിരുന്നോ. ഗവർണർ എടുത്തുചാടി പ്രവർത്തിക്കുകയാണ്. കാവിവത്കരണവും മാർക്‌സിസിറ്റ് വത്കരണവും തമ്മിലുള്ള പോരാണ് നടക്കുന്നത്. ഗവർണറെ പ്രോത്സാഹിപ്പിക്കുന്ന നയം കോൺഗ്രസിനില്ല. രണ്ട് കൂട്ടരും ചെപ്പടി വിദ്യയും പിപ്പടി വിദ്യയും അവസാനിപ്പിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും കെ.മുരളീധരൻ പറഞ്ഞു.

'സി.പി.എമ്മിലെ ഏറാൻ മൂളികളെ വെക്കാൻ മുഖ്യമന്ത്രി തെരച്ചിൽ നടത്തുമ്പോൾ ഗവർണർ കേന്ദ്രത്തിന്റെ ഏറാൻ മൂളികളെ വെക്കാൻ തെരച്ചിൽ നടത്തുകയാണ്. രണ്ട് കൂട്ടരും ചെപ്പടി വിദ്യയും പിപ്പടി വിദ്യയും അവസാനിപ്പിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കണം. സംഭവിക്കാൻ പോകുന്നത് തെരുവിലെ സംഘർഷമാണ്. എന്നിട്ട് ഗവർണർ പറയും ക്രമസമാധാനം തകർന്നുവെന്ന്''..മുരളീധരന്‍ പറഞ്ഞു.

'വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാൻ ബി.ജെ.പി ഗവർണർമാരിലൂടെ ശ്രമിക്കുന്നു. ഗവർണറെ വെച്ച് കളിക്കുന്ന കളിയോട് കോൺഗ്രസ് യോജിക്കില്ല. ഇത് ശരിയായ നിലപാടല്ല. ഗവർണറാണോ രാജാവാണോ ആരിഫ് മുഹമ്മദ് ഖാൻ? ഈ ഗവർണറെ കോൺഗ്രസിന് ഒരു തരത്തിലും അംഗീകരിക്കാൻ ആവില്ലെന്നും മുരളീധരൻ പറഞ്ഞു.


Similar Posts