Kerala
കെ.അനിൽ കുമാർ
Kerala

ഉമ്മൻചാണ്ടിയുടെ ചികിത്സയ്ക്ക് സർക്കാരിന് ഇടപെടേണ്ടിവന്നതിൽ പ്രതിപക്ഷനേതാവ് മറുപടി പറയണം: കെ.അനിൽ കുമാർ

Web Desk
|
11 Aug 2023 6:00 AM GMT

യുഡിഎഫ് സ്ഥാനാർത്ഥിയോട് മാധ്യമങ്ങൾ പ്രതികരണം ചോദിച്ചപ്പോൾ പള്ളിയിൽ വെച്ച് പ്രതികരിക്കാമെന്ന് പറഞ്ഞത് അയോധ്യ പുതുപ്പള്ളിയിൽ ആവർത്തിക്കുന്നുവെന്ന എൽഡിഎഫ് ആരോപണത്തെ സാധൂകരിക്കുന്നതാണെന്നും അനിൽകുമാർ

പുതുപ്പളളി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സയ്ക്കായി സർക്കാരിന് ഇടപെടേണ്ടി വന്നതിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മറുപടി പറയണമെന്ന് സിപിഎം നേതാവ് കെ അനിൽ കുമാർ. ഉമ്മൻ ചാണ്ടിയുടെ കുടുംബം ഇക്കാര്യത്തിൽ നിഷേധാത്മക നിലപാട് സ്വീകരിച്ചത് കുടുംബാംഗങ്ങൾ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും അതിൽ അഭിപ്രായ വ്യത്യാസം ഉയർത്തിയവർ ഇന്നും പുതുപ്പള്ളിയിൽ ജീവിച്ചിരിക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് കണ്ണീരൊഴുക്കുന്നവർ അത്തരം കാര്യങ്ങളിൽ സ്വീകരിച്ച നിലപാടിന്റെ ഫലമായാണ് മുമ്പൊരു മുഖ്യമന്ത്രിയുടെ കാര്യത്തിലും ഇല്ലാത്ത വിധത്തിൽ സർക്കാർ ചികിത്സയ്ക്കായി ഇടപെടേണ്ടി വന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ട് സർക്കാർ ഇടപെടൽ ശ്രമിച്ച് വരുത്തിയതിൽ പ്രതിപക്ഷ നേതാവാണ് ഉത്തരം പറയേണ്ടതെന്നും പറഞ്ഞു.

തെരഞ്ഞെടുപ്പ് വേളയിൽ ഈ ആരോപണം ഉന്നയിച്ചതിനെ കുറിച്ചും അനിൽകുമാർ മറുപടി പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥിയോട് മാധ്യമങ്ങൾ പ്രതികരണം ചോദിച്ചപ്പോൾ പള്ളിയിൽ വെച്ച് പ്രതികരിക്കാമെന്ന് പറഞ്ഞത് അയോധ്യ പുതുപ്പള്ളിയിൽ ആവർത്തിക്കുന്നുവെന്ന എൽഡിഎഫ് ആരോപണത്തെ സാധൂകരിക്കുന്നതാണെന്നായിരുന്നു മറുപടി. തൃക്കാക്കരയിൽ നടത്തിയതാണ് പുതുപ്പള്ളിയിലും ആവർത്തിക്കുന്നതെന്നും ഇപ്പോൾ ഒഴിക്കുന്നത് മുതലക്കണ്ണീരാണെന്നതിന്റെ തെളിവുകൾ ചികിത്സാനിഷേധത്തിൽ ലഭ്യമാണെന്നും അത് നിഷേധിക്കാനാകില്ലെന്നും സിപിഎം നേതാവ് പറഞ്ഞു. ഇവ പൊതുമണ്ഡലത്തിൽ ഉള്ളതാണെന്നും പ്രതിപക്ഷം നിഷേധിച്ചാൽ ഉയർന്നുവരുമെന്നും സർക്കാറിന് വിവരം നൽകിയവർ പുതുപ്പള്ളിയിൽ ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന്റെ ഭാഗമായി നിന്നവർക്ക് പോലും ഉമ്മൻ ചാണ്ടിയുടെ ചികിത്സക്കായി ഇടതു സർക്കാറിനെയും മുഖ്യമന്ത്രിയെയും ആശ്രയിക്കേണ്ടി വന്നുവെന്നും കോൺഗ്രസിനെ അവർ അവിശ്വസിച്ചുവെന്നും ചൂണ്ടിക്കാട്ടി.


Leader of Opposition Vd Sahteeshan should answer for government's intervention in Oommen Chandy's treatment: K. Anil Kumar

Similar Posts