'ജാവഡേക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അനുമതിയോടെ, തള്ളിപ്പറഞ്ഞാൽ ഇ.പി പലതും വിളിച്ചു പറയും'; വി.ഡി സതീശൻ
|''ഇ.പി ജയരാജനെ ഇപ്പോൾ വെറുക്കപ്പെട്ടവനാക്കി മാറ്റി''
കൊച്ചി: ഇ.പി ജയരാജന് പ്രകാശ് ജാവഡേക്കർ വിഷയത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.ഇപ്പോൾ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നു. ജാവഡേക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ്.ഇത് തള്ളിപ്പറഞ്ഞാൽ ഇ.പി പലതും വിളിച്ചു പറയും. ഇ.പി ജയരാജനെ ഇപ്പോൾ വെറുക്കപ്പെട്ടവനാക്കി മാറ്റി, ഇനി തെരഞ്ഞെടുപ്പിൽ തോറ്റാൽ അതിന്റെ ഉത്തരവാദി ഇ.പി ജയരാജൻ ആകുമെന്നും സതീശൻ പറഞ്ഞു.
ശോഭ സുരേന്ദ്രനും നന്ദകുമാറും പറയുന്നത് ഏറ്റുപിടിക്കുന്നവരല്ല ഞങ്ങൾ. മുഖ്യമന്ത്രിയും ഇ.പിയും ഇപ്പോൾ ന്യായീകരിച്ചപ്പോഴാണ് ഇക്കാര്യത്തിൽ പ്രതികരിക്കുന്നതെന്നും സതീശൻ പറഞ്ഞു.
എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെയുള്ള ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചിരുന്നു. ഇ.പിക്കെതിരെയുള്ള ആക്രമണങ്ങൾ സി.പി.എമ്മിനും എൽ.ഡി.എഫിനെയും ഉന്നം വെച്ചുള്ളതാണ്. ജയരാജൻ എല്ലാവരുമായി സൗഹൃദം സ്ഥാപിക്കുന്നയാളാണ്. ജയരാജൻ ബന്ധം സ്ഥാപിക്കുമ്പോൾ ജാഗ്രത പാലിക്കാറില്ലെന്ന് മുൻപ് തെളിഞ്ഞതാണ്. പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും. കളങ്കിതരുമായുള്ള സൗഹൃദത്തിൽ ഇ.പി ജാഗ്രത കാണിക്കുന്നില്ലെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.