Kerala
VD Satheesan against chief minister pinarayi vijayan and police over allegations of pv anvar mla
Kerala

പി.വി അൻവറിന്റെ ആരോപണം ​ഗുരുതരം; പൊലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമെന്ന് വി.ഡി സതീശൻ

Web Desk
|
1 Sep 2024 9:42 AM GMT

പ്രതിപക്ഷം കഴിഞ്ഞ കുറേനാളുകളായി പറയുന്ന കാര്യമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപചാപക സംഘമാണ് കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നത് എന്ന്. അത് സത്യമാണെന്ന് തെളിഞ്ഞു.

തിരുവനന്തപുരം: പൊലീസിലെ ഉന്നതർക്കെതിരായ പി.വി അൻവർ എം.എൽ.എയുടെ ആരോപണങ്ങൾ പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. പി.വി അൻവർ എം.എൽ.എയുടെ ആരോപണങ്ങൾ ഗുരുതരമാണെന്നും കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

'കൊലപാതകം നടത്തിക്കുന്ന എ.ഡി.ജി.പി, അതിന് പിന്തുണ കൊടുക്കുന്ന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി, കാലുപിടിക്കുന്ന എസ്.പി, ഗുണ്ടാസംഘം പോലും നാണിച്ചുപോവുന്ന തരത്തിൽ പെരുമാറുന്ന മുഖ്യമന്ത്രിയുടെ ഓഫീസ്, അതിന് സംരക്ഷണം കൊടുക്കുന്ന രാഷ്ട്രീയ നേതൃത്വം'- മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഒരു സി.പി.എം എം.എൽ.എയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര ആരോപണങ്ങളാണിവ.

പ്രതിപക്ഷ കഴിഞ്ഞ കുറേനാളുകളായി പറയുന്ന കാര്യമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നത് എന്ന്. ആ ആരോപണം സത്യമാണെന്ന് തെളിഞ്ഞു. അന്ന് ഞാൻ പറഞ്ഞപ്പോൾ, അവരുടെ പേരു പുറത്തുപറയാൻ നിങ്ങൾ പറഞ്ഞു. പേരൊക്കെ വഴിയേ പുറത്തുവരുമെന്ന് ഞാനന്ന് പറഞ്ഞില്ലേ. ഇപ്പോൾ അതിൽ രണ്ടുപേരുടെ പേര് പുറത്തുവന്നില്ലേ. ഇനിയുള്ള പേരുകളും പുറത്തുവന്നോളും. ഞാൻ പറയാതെ തന്നെ ആധികാരികമായി പുറത്തുവന്നില്ലേ- സതീശൻ ചോദിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വർണക്കടത്ത് നടത്തിയത് ഒളിച്ചുവയ്ക്കാൻ ഒരാളുടെ കൊലപാതകം നടത്തി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ അറിവോടെയാണ് അയാളെ എ.ഡി.ജി.പി കൊന്നത്. സ്വർണക്കടത്ത് സംഘവുമായും സ്വർണം പൊട്ടിക്കൽ സംഘവുമായും മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ട്.

അൻവറിന്റേത് ഗുരുതരമായ ആരോപണമാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിതന്നെ ജയിലിലായിരുന്നു. സ്വർണക്കള്ളക്കടത്ത് നടത്തിയതിന്റെ പേരിൽ ജയിലിലായ ആളാണ് അദ്ദേഹം. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടക്കുന്നത് മുഴുവൻ നിയമവിരുദ്ധ പ്രവർത്തനങ്ങളാണെന്നാണ് സി.പി.എം എം.എൽ.എ പറയുന്നത്. മാത്രമല്ല, ബി.ജെ.പിയെ സഹായിക്കുകയാണ് ക്രമസമാധാനത്തിന്റെ ചുമതലയുള്ള എ.ഡി.ജി.പി ചെയ്യുന്നത്. ബി.ജെ.പിയുമായി ബന്ധമുണ്ട് എന്നാണ് ഇ.പി ജയരാജനെതിരെ ഉയർന്ന ആരോപണം. തെരഞ്ഞെടുപ്പിന്റെ അന്ന് മുഖ്യമന്ത്രി അതിനെ ന്യായീകരിച്ചു.

പ്രകാശ് ജാവഡേക്കറുമായി ബന്ധപ്പെട്ടതുകൊണ്ട് പ്രശ്‌നമില്ലെന്നും താനും അഞ്ചാറുതവണ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തിനാണ് കേരളത്തിന്റെ മുഖ്യമന്ത്രി ജാവഡേക്കറെ കാണുന്നത്. അദ്ദേഹം കേന്ദ്രമന്ത്രിയല്ലല്ലോ. കേരളത്തിന്റെ ചുമതലയുള്ള നേതാവല്ലേ. അങ്ങനെയൊരാളെ എന്തിനാണ് പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് അഞ്ചാറു തവണ മുഖ്യമന്ത്രി കാണുന്നത്. ജാവഡേക്കറെ കണ്ടതിന് ജയരാജനെ പുറത്താക്കി.

മുഖ്യമന്ത്രിയും ജാവഡേക്കറെ കണ്ടെന്ന് അദ്ദേഹം തന്നെ സമ്മതിച്ചതോടെ ഇ.പി ജയരാജനും മുഖ്യമന്ത്രിക്കും ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപചാപക സംഘത്തിലെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്കും ബി.ജെ.പിയുമായുള്ള ബന്ധമുണ്ടെന്ന് വ്യക്തമായി- പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Similar Posts