Kerala
VD Satheeshan on vigilance investigation against him
Kerala

സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കുന്നത് മന്ത്രിയും പാർട്ടി സംവിധാനങ്ങളും: പ്രതിപക്ഷനേതാവ്

Web Desk
|
1 Oct 2023 10:56 AM GMT

ബാങ്ക് കൊള്ളയ്ക്ക് നേതൃത്വം നൽകിയ ഉന്നത സി.പി.എം നേതാക്കളെ രക്ഷപ്പെടുത്തുക മാത്രമാണ് കരുവന്നൂർ പാക്കേജിലൂടെ സി.പി.എമ്മും സർക്കാരും ലക്ഷ്യമിടുന്നതെന്ന് വി.ഡി സതീശൻ ആരോപിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കുന്നത് സഹകരണ മന്ത്രിയുടെ പാർട്ടി സംവിധാനങ്ങളുമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സഹകരണ രജിസ്ട്രാറുടെ പേരിൽ വന്ന റിപ്പോർട്ട് ശുദ്ധ തട്ടിപ്പാണ്. സഹകരണ മന്ത്രിയുടെ കാർമികത്വത്തിൽ ഉണ്ടാക്കിയെടുത്ത രാഷ്ട്രീയ ക്യാപ്‌സൂളാണ് റിപ്പോർട്ട്. ഇത് തയാറാക്കിയത് മന്ത്രിയുടെ വിശ്വസ്തനാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പ്രാഥമിക സഹകരണബാങ്കുകളുടെ സഹായത്തോടെ പ്രത്യേക പാക്കേജുണ്ടാക്കാനാണ് സി.പി.എമ്മും സർക്കാരും ശ്രമിക്കുന്നത്. നിക്ഷേപകരുടെ താൽപര്യം മുൻനിർത്തിയുള്ളതാണ് ഈ തീരുമാനമെങ്കിൽ അതിനെ യു.ഡി.എഫ് സ്വാഗതം ചെയ്യും. പക്ഷെ സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയിൽ ആർക്കെങ്കിലും സംശയം തോന്നിയാൽ അവരെ കുറ്റപ്പെടുത്താനാകില്ല. ബാങ്ക് കൊള്ളയ്ക്ക് നേതൃത്വം നൽകിയ ഉന്നത സി.പി.എം നേതാക്കളെ രക്ഷപ്പെടുത്തുക മാത്രമാണ് കരുവന്നൂർ പാക്കേജിലൂടെ സി.പി.എമ്മും സർക്കാരും ലക്ഷ്യമിടുന്നത്. നിക്ഷേപകർ കബളിപ്പിക്കപ്പെട്ടിരിക്കുന്നത് കരുവന്നൂരിൽ മാത്രമല്ല. തിരുവനന്തപുരത്തെ കണ്ടലയിലും മുട്ടത്തറയിലും തൃശൂരിലെ അയ്യന്തോളിലും ഉൾപ്പെടെ നൂറുകണക്കിന് നിക്ഷേപകർ വേറെയുമുണ്ട്. നിക്ഷേപകരെ സംരക്ഷിക്കലാണ് സർക്കാരിന്റെ ലക്ഷ്യമെങ്കിൽ ഈ ബാങ്കുകളിലും പാക്കേജ് നടപ്പാക്കണം.

കേരള ബാങ്കിനെ അന്നത്തെ പ്രതിപക്ഷം എതിർത്തത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ എൽ.ഡി.എഫിന് മനസിലാകുന്നുണ്ടാകും. കേരളത്തിലെ സഹകരണ മേഖലയെ ആർ.ബി.ഐയുടെ കക്ഷത്തിൽ തിരുകി വയ്ക്കുകയാണ് ഇടതു സർക്കാർ ചെയ്തത്. അല്ലായിരുന്നുവെങ്കിൽ ജില്ലാ ബാങ്കുകൾക്ക് പ്രാഥമിക സംഘങ്ങളെ സാമ്പത്തികമായി സഹായിക്കാൻ കഴിയുമായിരുന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു.

Similar Posts