"തില്ലങ്കേരിക്ക് മുന്നിൽ വിറയ്ക്കുന്ന പാർട്ടി": സിപിഎമ്മിനെതിരെ വിഡി സതീശൻ
|ക്രിമിനലുകളെ ഉപയോഗിച്ചതിന്റെ തിക്ത ഫലമാണ് സിപിഎം അനുഭവിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്
കണ്ണൂർ: ആകാശ് തില്ലങ്കേരിയ്ക്ക് മുന്നിൽ വിറയ്ക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലുകളുടെ മുന്നിൽ സിപിഎം വിറയ്ക്കുകയാണ്. ക്രിമിനലുകളെ ഉപയോഗിച്ചതിന്റെ തിക്ത ഫലമാണ് സിപിഎം അനുഭവിക്കുന്നത്. പാർട്ടിയിലെ ജീർണതകൾ ഓരോന്നായി പുറത്ത് വരികയാണെന്നും വി ഡി സതീശൻ പറഞ്ഞു.
ഈ ക്രിമിനലുകളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കി. ഇപ്പോൾ അതേ ക്രിമിനലുകൾ പാർട്ടിയെ ബ്ലാക്ക് മെയിൽ ചെയ്യുന്ന അവസ്ഥയിൽ എത്തിനിൽക്കുകയാണ്. ആകാശ് തില്ലങ്കേരിയുടെയും കൂട്ടാളികളുടെയും അറസ്റ്റും കീഴടങ്ങളും രാഷ്ട്രീയ നാടകങ്ങൾ മാത്രമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥ ചൊവ്വാഴ്ച കണ്ണൂരിൽ പ്രവേശിക്കാനിരിക്കെ വിവാദങ്ങൾ അവസാനിപ്പിക്കാൻ തില്ലങ്കേരിയിൽ സിപിഎം പൊതുയോഗം തീരുമാനിച്ചിട്ടുണ്ട്. ആകാശ് തില്ലങ്കേരിയുടെ ആരോപണങ്ങളിൽ രാഷ്ട്രീയ വിശദീകരണ യോഗമാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് പാർട്ടിക്ക് മേൽ ആക്ഷേപങ്ങളുയരുന്ന സാഹചര്യത്തിലാണ് വിശദീകരണ യോഗം.തിങ്കളാഴ്ച വൈകിട്ട് തില്ലങ്കേരിയിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് യോഗം ഉദ്ഘാടനം ചെയ്യുന്നത്.
ആകാശ് തില്ലങ്കേരിയുടെ ആരോപണങ്ങൾക്ക് മറുപടി പറയേണ്ടതില്ല എന്ന നിലപാടാണ് പാർട്ടി നേരത്തേ സ്വീകരിച്ചിരുന്നതെങ്കിൽ ആരോപണങ്ങളിൽ വിശദീകരണം ആവശ്യമാണെന്ന തീരുമാനത്തിലാണ് പാർട്ടിയിപ്പോൾ. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം വളരെ ഗൗരവകരമായി തന്നെ ചർച്ച ചെയ്യുകയും ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ യാത്ര കണ്ണൂരിലെത്തുന്നതിന് മുമ്പ് തന്നെ വിഷയത്തിൽ പാർട്ടി അണികൾക്ക് കൃത്യമായ വിശദീകരണം നൽകാനാണ് സിപിഎമ്മിന്റെ നീക്കം.