സുധാകരന്‍റെ ദേഹത്ത് ഒരുനുള്ള് മണ്ണ് വാരിയിടാൻ കോൺഗ്രസ് സമ്മതിക്കില്ല: വി.ഡി സതീശൻ
|വിവാദ പരാമർശത്തിൽ സി.പി.എം ഇടുക്കി ജില്ലാസെക്രട്ടറി സി.വി വർഗീസിനെതിരെ നടപടിയെടുക്കാൻ നേതൃത്വം തയ്യാറാകണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു
തെരുവു ഗുണ്ടകളുടെ ഭാഷയിലാണ് സി.പി.എം നേതാക്കൾ സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെതിരായ ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസിന്‍റെ വിവാദ പരാമർശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ. സുധാകരന്‍റെ ദേഹത്ത് ഒരുനുള്ള് മണ്ണ് വാരിയിടാന്‍ കോണ്‍ഗ്രസ് സമ്മതിക്കില്ലെന്നും സി.വി വര്‍ഗീസിനെതിരെ നടപടിയെടുക്കാന്‍ സി.പി.എം നേതൃത്വം തയ്യാറാകണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
ധീരജ് വധക്കേസില്‍ ഇടുക്കി ജില്ല സെക്രട്ടറിക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം. കൊലപാതക സമയത്തെ യഥാര്‍ഥ സംഭവങ്ങള്‍ വെളിപ്പെടുത്താന്‍ ശ്രമിച്ച എസ്.എഫ്.ഐ പ്രവർത്തകന വിലക്കിയത് ഈ ജില്ലാ സെക്രട്ടറിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നികൃഷ്ട ജീവി പരാമർശത്തിന്റെ ചരിത്രം ഒർക്കണമെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ആ വാക്ക് സംഭാവന ചെയ്തത് പിണറായി വിജയനാണെന്നും നേതാക്കളാണ് ഇത്തരത്തിലുള്ള ഭീഷണി പ്രസംഗങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിന്‍റെ ധിക്കാരത്തിനും കൊലയാളി രാഷ്ട്രീയത്തിനുമെതിരെ ഒരുമിച്ച് നിന്ന് പോരാടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സുധാകരന് സി.പി.എം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ താത്പര്യമില്ലാത്തതുകൊണ്ടാണെന്നുമായിരുന്നു സി.വി വർഗീസിന്‍റെ പരാമര്‍ശം. കോൺഗ്രസിന്‍റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ചെറുതോണിയിൽ നടത്തിയ പ്രതിഷേധ സംഗമത്തിലായിരുന്നു ഭീഷണി പ്രസംഗം.
അതേസമയം, സി.വി വർഗീസിന്റെ പരാമർശം അപക്വമാണെന്നും സ്വന്തം സംസ്കാരമാണ് ഇടുക്കി ജില്ലാ സെക്രട്ടറിയുടെ വാക്കുകളിലുള്ളതെന്നും കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഇത് അക്രമത്തിനുള്ള ആഹ്വാനമാണെന്നും കാലന്റെ പണി സി.പി.എം ഏറ്റെടുത്തിരിക്കുകയാണെന്നുമാണ് ഷാഫി പറമ്പിലിന്‍റെ പ്രതികരണം.