'മുഖ്യമന്ത്രി നട്ടാൽ കുരുക്കാത്ത നുണപറയുന്നു'; സി.എ.എയിൽ കോൺഗ്രസിനെതിരായ വിമർശനത്തിനെതിരെ വി.ഡി സതീശൻ
|'ബി.ജെ.പി നേതാക്കളെ സുഖിപ്പിച്ച് കേസുകളിൽനിന്ന് തലയൂരാൻ ശ്രമം'
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമ വിജ്ഞാപനത്തിൽ കോൺഗ്രസ് പ്രതികരിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിനു മറുപടിയുമായി പ്രതിപക്ഷ നേതാവ്. സി.എ.എയിൽ കോൺഗ്രസ് പ്രതികരിച്ചിട്ടില്ലെന്നത് മുഖ്യമന്ത്രിയുടെ മാത്രം വ്യാഖ്യാനമാണെന്ന് വി.ഡി സതീശൻ പറഞ്ഞു. പരാജയഭീതിയിലായ സി.പി.എമ്മിന്റെ ദുഷ്ടലാക്കാണ് ചോദ്യത്തിനുപിന്നിൽ. മുഖ്യമന്ത്രി നട്ടാൽ കുരുക്കാത്ത നുണപറയുകയാണെന്നും അദ്ദേഹം വിമർശിച്ചു.
രാഹുൽ ഗാന്ധി രാജ്യത്തെ ബാധിക്കുന്ന എല്ലാ വിഷയത്തിലും ജനങ്ങളോട് അഭിപ്രായ പ്രകടനം നടത്തിയിട്ടുണ്ട്. ബി.ജെ.പി നേതാക്കളെ സുഖിപ്പിച്ച് കേസുകളിൽനിന്ന് തലയൂരാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. യു.എ.പി.എ നിയമം ഉപയോഗിച്ച് വേട്ട നടത്തിയത് നിങ്ങളാണെന്നും മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം ഔദ്യോഗികമായി ഇതുവരെ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. എ.ഐ.സി.സി പ്രസിഡന്റ് ചോദ്യങ്ങളിൽനിന്ന് ഒളിച്ചോടിയെന്നും അദ്ദേഹം വിമർശിച്ചിരുന്നു. എന്നാൽ, പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് പ്രതികരിച്ചില്ലെന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെയും കേരളത്തിലെ സി.പി.എമ്മിന്റേയും മാത്രം വ്യാഖ്യാനമാണെന്ന് സതീശൻ പറഞ്ഞു. പരാജയഭീതിയിലായ സി.പി.എമ്മിന്റെ രാഷ്ട്രീയ ദുഷ്ടലാക്കാണ് ഇത്തരമൊരു ചോദ്യത്തിന് പിന്നിൽ. പാർട്ടി സെക്രട്ടറിയോ ബി.ജെ.പിക്ക് വേണ്ടി നാവ് വാടകയ്ക്ക് നൽകിയിരിക്കുന്ന നിങ്ങളുടെ കൺവീനറോ ഇത്തരമൊരു ചോദ്യം ചോദിച്ചാൽ ഞങ്ങൾ അദ്ഭുതപ്പെടില്ല. പക്ഷെ മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നുകൊണ്ട് പിണറായി വിജയൻ നട്ടാൽ കുരുക്കാത്ത നുണപറയുന്നത് അപമാനകരമാണെന്നും സതീശൻ കുറ്റപ്പെടുത്തി.
''എ.ഐ.സി.സി മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ജയ്റാം രമേശ് സി.എ.എ വിഷയത്തിലുള്ള കോൺഗ്രസിന്റെ പ്രതികരണം വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം എക്സിൽ നടത്തിയ പ്രതികരണത്തെ ഉദ്ധരിച്ച് മാർച്ച് 11, 12 തിയതികളിൽ വിവിധ മാധ്യമങ്ങൾ വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. നാലരവർഷം കാത്തിരുന്ന്, ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് സി.എ.എ കൊണ്ടുവന്നതെന്നും ഇത് ഇലക്ഷൻ സ്റ്റണ്ടാണെന്നും ജയ്റാം രമേശ് പറഞ്ഞത് മുഖ്യമന്ത്രി കേട്ടില്ലേ?''-സതീശൻ ചോദിച്ചു.
Summary: The Kerala opposition leader VD Satheesan responds to the CM Pinarayi Vijayan's criticism that the Congress had not responded to the Citizenship Amendment Act notification