കൊലക്കുറ്റത്തിന് കേസെടുക്കുന്നില്ല, കേരളാ പൊലീസിനെ വിശ്വാസമില്ല: വി.ഡി സതീശൻ
|സെക്രട്ടറിയേറ്റ് പടിക്കൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു , മഹിളാ കോൺഗ്രസ് അധ്യക്ഷൻമാർ അനിശ്ചിതകാല നിരാഹാരം തുടങ്ങി
തിരുവനന്തപുരം: വയനാട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥന്റെ മരണത്തിൽ കേരളാ പൊലീസിനും സർക്കാറിനുമെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുക്കുന്നില്ലെന്നും കേരളത്തിലെ പോലീസിനെ വിശ്വാസമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സെക്രട്ടറിയേറ്റ് പടിക്കൽ യൂത്ത് കോൺഗ്രസ്, കെഎസ്യു , മഹിളാ കോൺഗ്രസ് അധ്യക്ഷൻമാർ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമര വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിദ്ധാർഥന്റെ കൊലപാതകത്തിൽ ഡീനിനെ കുറ്റക്കാരനാക്കുക, മുൻ എംഎൽഎ ശശീന്ദ്രന്റെ പങ്ക് അന്വേഷിക്കുക, അന്വേഷണം സിബിഐയെ ഏൽപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിരാഹാരം.
കേരള പൊലീസ് പിണറായി വിജയന്റെ ഓഫീസിലെ ഉപചാപക വൃന്ദം നിയന്ത്രിക്കുന്ന ഏജൻസി മാത്രമായെന്നും കേസിലെ പ്രതികളെ എല്ലാവരെയും ഒളിവിൽ പാർപ്പിച്ചത് സിപിഎമ്മാണെന്നും വി.ഡി സതീശൻ വിമർശിച്ചു. സിദ്ധാർഥന്റെ മരണത്തിന് പിറകിലുള്ള ക്രിമിനൽ സംഘത്തെ നിസ്സാര വകുപ്പുകൾ ചുമത്തി സംരക്ഷിക്കുകയാണെന്നും എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയാണ് ഈ പണി ക്യാമ്പസിൽ തുടങ്ങിവച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്എഫ്ഐ ക്രിമിനലുകളുടെ സംഘമാണെന്നും സിപിഎമ്മിന്റെ അധ്യാപക സംഘടനകൾ എന്ത് വൃത്തികേടിനും കൂട്ടുനിൽക്കുകയാണെന്നും പറഞ്ഞു. ഇതിൽ ഇടപ്പെട്ട അധ്യാപകരെ പിരിച്ചുവിടണമെന്നും കേസിൽ പ്രതിയാക്കണമെന്നും ആവശ്യപ്പെട്ടു. പാർട്ടിയിലുള്ളവർ പാർട്ടി വിട്ടപ്പോൾ കൊല്ലാൻ ഉത്തരവ് കൊടുത്തവരാണ് സിപിഎമ്മുകാരെന്നും പൊതുസമൂഹത്തിനും പൊലീസിനെ വിശ്വാസമില്ലെന്നും പറഞ്ഞു.