"മുഖ്യമന്ത്രി പോയത് ഇന്തോനേഷ്യയിൽ എന്തോ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട് അവിടെ പ്രചാരണം നടത്താനാണ് "; വി.ഡി സതീശൻ
|തെരഞ്ഞെടുപ്പ് പരാജയം ഉറപ്പായപ്പോള്‍ സമനില തെറ്റിയ സി.പി.എം നാട്ടില്‍ വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
തിരുവനന്തപുരം: ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ല എന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ബംഗാളിലും ത്രിപുരയിലും പോകാതെ ഇന്തോനേഷ്യയിലേക്കാണ് പോയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇന്തോനേഷ്യയിൽ എന്തോ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അവിടെ പ്രചരണം നടത്താനാണ് അദ്ദേഹം പോയതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ അവിശുദ്ധ ബന്ധമുണ്ട്. ബിജെപി തെരഞ്ഞെടുപ്പിൽ അടിച്ചു കയറും എന്നും ബിജെപി സ്ഥാനാർഥികൾ മിടു മിടുക്കൻമാരാണ് എന്നുമാണ് എൽഡിഎഫ് കൺവീനർ പറഞ്ഞത്. ഇനി അന്തർധാര എന്ന് പറയരുത് പരസ്യമായ ബന്ധമാണെന്ന് വി.ഡി സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയം ഉറപ്പായപ്പോള്‍ സമനില തെറ്റിയ സി.പി.എം നാട്ടില്‍ വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്ന് സതീശന്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും വടകരയില്‍ സി.പി.എം വര്‍ഗീയത പറയുന്നത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ ഈ നാടിനെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. കേരളത്തിൻ്റെ ചരിത്രത്തിൽ ജനങ്ങൾ ഇത്ര ഇളകിയ തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. ഒരു കാലത്തും ഇല്ലാത്ത ജനക്കൂട്ടമായിരുന്നു വടകരയിലേത്. ഞങ്ങൾക്കാർക്കും കിട്ടാത്ത പിന്തുണയാണ് ഷാഫിക്ക് കിട്ടിയത്. അതിൽ ഞങ്ങൾക്ക് പോലും അസൂയ തോന്നി പിന്നെ സിപിഎമ്മിന് അസൂയ തോന്നിയതിൽ കുറ്റം പറയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.