'യെച്ചൂരി മോദിയെ പേടിച്ച് മുങ്ങി': ടീസ്റ്റയെ ഉദ്ധരിച്ച് വി.ഡി സതീശൻ
|മാധ്യമപ്രവര്‍ത്തകനായ കൃഷ്ണൻ മോഹൻലാൽ എഴുതിയ 'ഗുജറാത്ത് തീവ്ര സാക്ഷ്യങ്ങൾ' എന്ന പുസ്തകത്തെ ഉദ്ധരിച്ചാണ് മോദിയെ പേടിച്ച് ഗുജറാത്ത് കലാപ ഇരകളെ കാണാതെ യെച്ചൂരി മുങ്ങിയെന്ന് സതീശൻ ആരോപിച്ചത്.
തിരുവനന്തപുരം: ഗുജറാത്ത് കലാപബാധിതരെ കാണാനെത്തിയെ സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ പേടിച്ച് മുങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മാധ്യമപ്രവര്‍ത്തകനായ കൃഷ്ണൻ മോഹൻലാൽ എഴുതിയ 'ഗുജറാത്ത് തീവ്ര സാക്ഷ്യങ്ങൾ' എന്ന പുസ്തകത്തെ ഉദ്ധരിച്ചാണ് മോദിയെ പേടിച്ച് ഗുജറാത്ത് കലാപ ഇരകളെ കാണാതെ യെച്ചൂരി മുങ്ങിയെന്ന് സതീശൻ ആരോപിച്ചത്.
സെക്രട്ടറിയേറ്റിന് മുന്നിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്ത് കലാപത്തിന്റെ ഇരയായ ഇഹ്സാന്‍ ജാഫ്രി എന്ന കോണ്‍ഗ്രസ് എംപിയുടെ വിധവയെ കാണാൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി മടിച്ചുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയായിരുന്നു വി.ഡി സതീശന്റെ പരാമര്‍ശം. പുസ്തകത്തിലെ പ്രസക്തഭാഗങ്ങൾ അദ്ദേഹം വായിക്കുകയും ചെയ്തു.
പുസ്തകത്തില്‍ നിന്ന്: 'കലാപം തുടങ്ങിയ ഉടൻ അവർ(ടീസ്റ്റ സെതൽവാദ്) പരിചയമുള്ള പാർലമെന്റ് അംഗങ്ങളായ ശബ്ന ആസ്മി, രാജ് ബബർ, അമർ സിങ് എന്നിവരെയും സി.പി.എം നേതാവ് സീതാറാം യെച്ചൂരിയെയും വിളിച്ചു. അടിയന്തരമായി ഗുജറാത്തിലേക്കു പോകണമെന്നും ജനങ്ങളെ കാണണമെന്നും അവരോടു പറഞ്ഞു. എന്നാൽ യാചിക്കുന്ന പോലെ പറഞ്ഞിട്ടും അവർ മടിച്ചുനിന്നു. വീണ്ടും ആവശ്യപ്പെട്ടു. നിങ്ങൾ ജനപ്രതിനിധികളല്ലേ അവരെ കാണാനും ആശ്വസിപ്പിക്കാനും ഉത്തരവാദിത്തമില്ലേ എന്നു ചോദിച്ചു. ഫാസിസം ആണ്, എങ്ങനെ പോകാൻ? എന്ന് യെച്ചൂരി ചോദിച്ചു. ടീസ്റ്റ വിട്ടില്ല. നാലുപേരെയും മാറിമാറി വിളിച്ചു. ഒടുവിൽ പോകാമെന്ന് അവർ സമ്മതിച്ചു.
അവിടെ താമസിക്കാൻ റിലയൻസുകാരോട് ഗസ്റ്റ് ഹൗസ് ഒരുക്കാൻ പറഞ്ഞിട്ടുണ്ടെന്ന് അമർസിംഗ് പറഞ്ഞു. അതുപാടില്ല എന്നായി ടീസ്റ്റ. മുംബയിൽ ഇരുന്നുതന്നെ അഹമ്മദാബാദിലെ സർക്യൂട്ട് ഹൗസ് ഇവർക്കായി ബുക്കു ചെയ്തു. പിന്നാലെ ടീസ്റ്റയും ഗുജറാത്തിലേക്കു തിരിച്ചു.
യെച്ചൂരിയും സംഘവും അഹമ്മദാബാദിലെത്തി. അവർ എത്തിയപ്പോൾ തന്നെ ഓരോരുത്തരുടെയും ഫോണിലേക്ക് മുഖ്യമന്ത്രി നരേന്ദ്ര മോദി നേരിട്ടു വിളിച്ചു. എന്നിട്ടു പറഞ്ഞു നിങ്ങൾ എന്തിനാണ് വന്നത്, ഇവിടെ എല്ലാം നിയന്ത്രണവിധേയമാണ്. ഇതിനിടയിൽ കമ്മിഷണറെ പോയി കാണണമെന്ന് ടീസ്റ്റ നിർബന്ധിച്ചു. കമ്മിഷണർ പി.സി. പാണ്ഡെയുടെ ഓഫിസിൽ അവർ എത്തിയപ്പോൾ കമ്മിഷണർ മുങ്ങി.
എങ്കിൽ ജനങ്ങളുടെ ഇടയിലേക്കു പോകൂ എന്നായി ടീസ്റ്റ. പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന് ശബാന പറഞ്ഞു. തിരിച്ചുപോകാൻ അവർ തിടുക്കം കൂട്ടി. കാലുപിടിക്കുംപോലെ അവരോടു പറഞ്ഞു: നിങ്ങൾ സർക്യൂട്ട് ഹൗസിൽ നിൽക്കൂ. കലാപബാധിതരായവരെ ഞാൻ അങ്ങോട്ടു കൊണ്ടുവരാം. പിറ്റേന്ന് രാവിലെ ഒമ്പതുമുതൽ 11 വരെ അവരുടെ പരാതി കേൾക്കാമെന്ന് അവർ സമ്മതിച്ചു. എന്നാൽ പിറ്റേന്ന് രാവിലെ എട്ടുമണിക്കുള്ള വിമാനത്തിൽ സംഘം ഡൽഹിയിലേക്കു പോയി. അവർ മോദിയെ പേടിച്ചാണ് കടന്നുകളഞ്ഞതെന്ന് ടീസ്റ്റയ്ക്കു തോന്നി. അതൊരു തിരിച്ചറിവായിരുന്നു. കഷ്ടവും സങ്കടവും തോന്നി.'
പിണറായി വടി കൊടുത്ത് അടി വാങ്ങുകയാണ്. കലാപബാധിതരെ കാണുമെന്ന് ഉറപ്പ് നൽകിയവരാണ് രാവിലത്തെ വിമാനത്തിൽ കയറി ഡൽഹിയിലേക്ക് പോയത്, മുഖ്യമന്ത്രി കള്ളം പറയുകയാണ്. ഇനിയെങ്കിലും ഈ പണി നിര്‍ത്തണം. രാഹുല്‍ ഗാന്ധിയേയും സോണിയാഗാന്ധിയേയും അധിക്ഷേപിച്ച് ബി.ജെ.പി നേതാക്കളുടെ കയ്യടി വാങ്ങി സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
Watch Video