'സർക്കാർ ഇടപെടേണ്ടി വന്നില്ല, കുടുംബം നന്നായി തന്നെ ചികിത്സ നൽകി'; ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദത്തിൽ വി.ഡി സതീശൻ
|ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിച്ചുവെന്നും സർക്കാർ ഇടപെടേണ്ടി വന്നുവെന്നും സിപിഎം നേതാവ് അനിൽ കുമാർ പറഞ്ഞിരുന്നു
പുതുപ്പളളി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സയ്ക്കായി സർക്കാരിന് ഇടപെടേണ്ടി വന്നെന്ന വിവാദത്തിൽ മറുപടി പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചാണ്ടി ഉമ്മനും. ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിച്ചുവെന്നും പിന്നീട് സർക്കാർ ഇടപെടേണ്ടി വന്നുവെന്നും അതിനാൽ പ്രതിപക്ഷ നേതാവ് മറുപടി പറയണമെന്നും സിപിഎം നേതാവ് അനിൽ കുമാർ പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ തുടർന്നാണ് പ്രതിപക്ഷ നേതാവും ഉമ്മൻ ചാണ്ടിയുടെ മകനും മറുപടി പറഞ്ഞത്.
ഉമ്മൻ ചാണ്ടിയുടെ ചികിത്സയിൽ സർക്കാർ ഇടപെടേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും കുടുംബം നന്നായി തന്നെ ചികിത്സ നൽകിയെന്നും വി.ഡി സതീശൻ വ്യക്തമാക്കി. ഏറ്റവും മികച്ച ചികിത്സയാണ് ഉമ്മൻ ചാണ്ടിക്ക് നൽകിയതെന്നും ഭാര്യയും മക്കളും കോൺഗ്രസ് പാർട്ടിയുമായി ആലോചിച്ചാണ് ചികിത്സ നടത്തിയതെന്നും പറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്നത് തരം താഴ്ന്ന പ്രചാരണമാണെന്നും സ്വന്തം പിതാവിന്റെ കല്ലറയുള്ള പള്ളിയിലേക്ക് ചാണ്ടി ഉമ്മൻ പോകരുതെന്നാണ് അവർ പറയുന്നതെന്നും വി.ഡി സതീശൻ വിമർശിച്ചു. ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥിയായി വന്നപ്പോൾ കുടുംബത്തെ അധിക്ഷേപിക്കാൻ സിപിഎം മൂന്നാം നില നേതാക്കളെ ഇറക്കുകയാണെന്നും വിമർശിച്ചു.
അതേസമയം, ഉമ്മൻ ചാണ്ടിയ്ക്ക് ചികിത്സ നിഷേധിക്കപ്പെട്ടന്ന സിപിഎം ആരോപണത്തിൽ പാർട്ടി നേതൃത്വം മറുപടി പറയുമെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പള്ളി ഉപയോഗിക്കുന്നില്ലെന്നും ഒരു മാധ്യമത്തെയും പള്ളിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും പള്ളിയിൽ പോകുന്നത് അപ്പയുടെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിബു ജോൺ പ്രചരണത്തിനിറങ്ങുമോയെന്ന ചോദ്യത്തിന് ചാണ്ടി ഉമ്മൻ പ്രതികരിച്ചില്ല.
അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പഠിക്കുകയാണെന്നും മാധ്യമങ്ങൾക്ക് മുന്നിൽ വാ തുറന്നിട്ട് ആറു മാസമായെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പോലും മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്നും പിന്നെയാണോ നിയമസഭയിലെ ചോദ്യങ്ങളെന്നും അദ്ദേഹം ചോദിച്ചു.
അതിനിടെ, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് മാറ്റണമെന്ന് കെപിസിസി നിർദേശിച്ചു. ഇത് സംബന്ധിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കത്ത് നൽകി. സംഘടനാ തിരഞ്ഞെടുപ്പ് മാറ്റണമെന്ന് യൂത്ത് കോൺഗ്രസ് സoസ്ഥാന കമ്മറ്റിയും പ്രമേയം പാസാക്കിയിരുന്നു
ഉമ്മൻ ചാണ്ടിയുടെ ചികിത്സയിൽ അനിൽകുമാറിന്റെ വാദങ്ങൾ
ഉമ്മൻ ചാണ്ടിയുടെ ചികിത്സയിൽ നിഷേധാത്മക നിലപാട് സ്വീകരിച്ചത് കുടുംബാംഗങ്ങൾ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും അതിൽ അഭിപ്രായ വ്യത്യാസം ഉയർത്തിയവർ ഇന്നും പുതുപ്പള്ളിയിൽ ജീവിച്ചിരിക്കുന്നുണ്ടെന്നും കെ അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് കണ്ണീരൊഴുക്കുന്നവർ അത്തരം കാര്യങ്ങളിൽ സ്വീകരിച്ച നിലപാടിന്റെ ഫലമായാണ് മുമ്പൊരു മുഖ്യമന്ത്രിയുടെ കാര്യത്തിലും ഇല്ലാത്ത വിധത്തിൽ സർക്കാർ ചികിത്സയ്ക്കായി ഇടപെടേണ്ടി വന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ട് സർക്കാർ ഇടപെടൽ ശ്രമിച്ച് വരുത്തിയതിൽ പ്രതിപക്ഷ നേതാവാണ് ഉത്തരം പറയേണ്ടതെന്നും പറഞ്ഞു.
തെരഞ്ഞെടുപ്പ് വേളയിൽ ഈ ആരോപണം ഉന്നയിച്ചതിനെ കുറിച്ചും അനിൽകുമാർ മറുപടി പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥിയോട് മാധ്യമങ്ങൾ പ്രതികരണം ചോദിച്ചപ്പോൾ പള്ളിയിൽ വെച്ച് പ്രതികരിക്കാമെന്ന് പറഞ്ഞത് അയോധ്യ പുതുപ്പള്ളിയിൽ ആവർത്തിക്കുന്നുവെന്ന എൽഡിഎഫ് ആരോപണത്തെ സാധൂകരിക്കുന്നതാണെന്നായിരുന്നു മറുപടി. തൃക്കാക്കരയിൽ നടത്തിയതാണ് പുതുപ്പള്ളിയിലും ആവർത്തിക്കുന്നതെന്നും ഇപ്പോൾ ഒഴിക്കുന്നത് മുതലക്കണ്ണീരാണെന്നതിന്റെ തെളിവുകൾ ചികിത്സാനിഷേധത്തിൽ ലഭ്യമാണെന്നും അത് നിഷേധിക്കാനാകില്ലെന്നും സിപിഎം നേതാവ് പറഞ്ഞു. ഇവ പൊതുമണ്ഡലത്തിൽ ഉള്ളതാണെന്നും പ്രതിപക്ഷം നിഷേധിച്ചാൽ ഉയർന്നുവരുമെന്നും സർക്കാറിന് വിവരം നൽകിയവർ പുതുപ്പള്ളിയിൽ ജീവിച്ചിരിപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന്റെ ഭാഗമായി നിന്നവർക്ക് പോലും ഉമ്മൻ ചാണ്ടിയുടെ ചികിത്സക്കായി ഇടതു സർക്കാറിനെയും മുഖ്യമന്ത്രിയെയും ആശ്രയിക്കേണ്ടി വന്നുവെന്നും കോൺഗ്രസിനെ അവർ അവിശ്വസിച്ചുവെന്നും ചൂണ്ടിക്കാട്ടി.
VD Satheesan and Chandy Oommen reacted to the controversy that the government had to intervene in the treatment of late former Chief Minister Oommen Chandy.