സ്വപ്ന സുരേഷിനെ വി.ഡി സതീശന്‍ ആശീര്‍വദിച്ചെന്ന് വ്യാജ പ്രചാരണം; പ്രതിപക്ഷ നേതാവ് പരാതി നല്‍കി
|ഉമാ തോമസിനെ തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിക്കുന്ന ഫോട്ടോയിൽ സ്വപ്‌ന സുരേഷിന്റെ മുഖം എഡിറ്റ് ചെയ്ത് ചേർത്താണ് വ്യാജ ഫോട്ടോ പ്രചരിപ്പിക്കുന്നത്
തിരുവനന്തപുരം: സൈബർ ആക്രമണത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പൊലീസിൽ പരാതി നൽകി. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് ചേർത്ത് വ്യാജ പ്രചരണം നത്തുന്നുവെന്നാണ് പരാതി. ഡി.ജി.പിക്കും സൈബർ സെല്ലിനുമാണ് പരാതി നൽകിയത്. ഉമാ തോമസിനെ തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിക്കുന്ന ഫോട്ടോയിൽ സ്വപ്‌ന സുരേഷിന്റെ മുഖം എഡിറ്റ് ചെയ്ത് ചേർത്താണ് വ്യാജ ഫോട്ടോ പ്രചരിപ്പിക്കുന്നത്.
'കൈ വിടരുത് തെരഞ്ഞെടുപ്പ് വരെ കട്ടക്ക് കൂടെയുണ്ടാവണം' എന്ന ടൈറ്റിലേടു കൂടിയാണ് സി.പി.ഐ.എം സൈബർ കോമറേഡ് അടക്കമുള്ള പേജുകളിൽ ഫോട്ടോ പ്രചരിക്കുന്നത്. മീഡിയവണിന്റെ പേര് ദുരുപയോഗം ചെയ്ത് വ്യാജ പേജ് ക്രിയേറ്റ് ചെയ്തും വ്യാജ പ്രചാരണം നടത്തുന്നുണ്ട്. ഇതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായാണ് പ്രതിപക്ഷ നേതാവ് പരാതി നൽകിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വലിയ തോതിലുള്ള വ്യാജ പ്രചാരണങ്ങളാണ് ഈ ചിത്രങ്ങളുപയോഗിച്ച സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് നിയമപരമായ നടപടികളിലേക്ക് കടക്കാനുള്ള പ്രതിപക്ഷ നേതാവിന്റെ തീരുമാനം.