Kerala
VD Satheesan Demands Action on Accused in the basis of hema committee report
Kerala

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് കത്തയച്ച് വി.ഡി സതീശൻ; 'പൂഴ്ത്തിവച്ച നടപടി ക്രിമിനൽ കുറ്റം'

Web Desk
|
23 Aug 2024 6:46 AM GMT

കുറ്റകൃത്യങ്ങള്‍ വെളിവായിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്ത സര്‍ക്കാരിന്റെയും പൊലീസിന്റെയും നടപടി വേട്ടക്കാരെ ചേര്‍ത്തു പിടിക്കൽ അല്ലാതെ മറ്റെന്താണെന്നും വി.ഡി സതീശൻ ചോദിച്ചു.

തിരുവനന്തപുരം: മലയാള സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും വിവേചനങ്ങളും അക്കമിട്ടു നിരത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സിനിമ- സാംസ്കാരിക മന്ത്രിക്കും സതീശൻ കത്ത് നൽകി.

ഇരകള്‍ നല്‍കിയ മൊഴികളുടെയും സമര്‍പ്പിച്ച തെളിവുകളുടേയും അടിസ്ഥാനത്തില്‍ വനിത ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.

‌പോക്‌സോ ഉള്‍പ്പെടെ ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങള്‍ വെളിപ്പെടുത്തിയുള്ള റിപ്പോര്‍ട്ട് ഹേമ കമ്മിറ്റി 2019ല്‍ സമര്‍പ്പിച്ചിട്ടും അതിന്മേല്‍ അന്വേഷണം നടത്താതെ പൂഴ്ത്തിയ സര്‍ക്കാര്‍ നടപടി നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇത് പോക്‌സോ നിയമപ്രകാരം കുറ്റകരമാണ്. പോക്‌സോ കുറ്റം ചെയ്‌തെന്ന് അറിഞ്ഞിട്ടും അത് മറച്ചുവയ്ക്കുകയോ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ ചെയ്യുന്നതും ക്രിമിനല്‍ കുറ്റമാണ്.

സി.ആര്‍.പി.സി സെക്ഷന്‍ 154 പ്രകാരവും ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 173ാം വകുപ്പ് പ്രകാരവും ഒരു 'കോഗ്നിസബിള്‍ ഒഫന്‍സ്' വ്യക്തമായാല്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ വെളിവായിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്ത സര്‍ക്കാരിന്റെയും പൊലീസിന്റെയും നടപടി വേട്ടക്കാരെ ചേര്‍ത്തു പിടിക്കൽ അല്ലാതെ മറ്റെന്താണെന്നും വി.ഡി സതീശൻ ചോദിച്ചു.

സ്ത്രീകൾക്കെതിരെ ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നുവെന്ന് അറിഞ്ഞിട്ടും നാലര വര്‍ഷമായി സര്‍ക്കാര്‍ അത് മറച്ചുവച്ചത് ഭാരതീയ ന്യായ സംഹിതയുടെ 199ാം വകുപ്പ് പ്രകാരം ക്രിമിനൽ കുറ്റമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. ഗുരുതര കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്തേണ്ടത് സര്‍ക്കാരിന്റെ നിയമപരമായ ബാധ്യതയാണ്. ആ ബാധ്യത നിറവേറ്റാന്‍ തയാറാവാത്തത് സത്യപ്രതിജ്ഞാ ലംഘനമാണ്.

കേരളത്തിനാകെ അപമാനകരമായ സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അടിയന്ത‌ര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.

Similar Posts