മുഖ്യമന്ത്രിയുടെ ഓഫീസിൽ കോക്കസ്; തൃശൂർ പൂരം കലക്കിയതിൽ ജുഡീഷ്യൽ അന്വേഷണം വേണം- വി.ഡി സതീശൻ
|ആർഎസ്എസ് നേതാവുമായുള്ള ചർച്ചയിൽ എഡിജിപിയുടെ കൂടെയുണ്ടായിരുന്നത് ബിസിനസുകാരാണോ മറ്റാരെങ്കിലുമാണോ എന്ന് അന്വേഷിക്കണം. അത് കേരളത്തെ ഞെട്ടിക്കുന്ന മറ്റൊരു കാര്യമായിരിക്കുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു കോക്കസുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രവർത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രിസഭയിലെ ഒരുന്നതൻ കോക്കസ്സിൽ നാലാമത്തെ ആളാണെന്നും പ്രതിപക്ഷ നേതാവ് കോഴിക്കോട് പറഞ്ഞു.
ആർഎസ്എസ് നേതാവ് ഹൊസബാലെയുമായി സംസാരിച്ച കാര്യം എഡിജിപി തന്നെ ശരിവച്ചല്ലോ. അതിനെ തുടർന്നാണ് മറ്റൊരു നേതാവായ റാംമാധവുമായി ചർച്ച നടത്തിയത്. ഈ ചർച്ചയിൽ എഡിജിപിയുടെ കൂടെയുണ്ടായിരുന്നത് ബിസിനസുകാരാണോ മറ്റാരെങ്കിലുമാണോ എന്നൊന്ന് അന്വേഷിച്ചുനോക്കമണം. അത് കേരളത്തെ ഞെട്ടിക്കുന്ന മറ്റൊരു കാര്യമായിരിക്കുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
തൃശൂർ പൂരം പൊലീസ് കലക്കിയത് ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള പ്ലാനിന്റെ ഭാഗമായിരുന്നെന്നും വി.ഡി സതീശൻ ആരോപിച്ചു. 'ബിജെപിക്ക് കേരളത്തിൽ ഒരു അക്കൗണ്ട് തുറക്കാനുള്ള എല്ലാ സഹായവും ചെയ്യാം, അതിനു പകരം ഞങ്ങളെ ഉപദ്രവിക്കരുത്'- എന്നായിരുന്നു ഇങ്ങോട്ടുള്ള ഡിമാൻഡ്. അതിനെ തുടർന്നാണ് അതിന് സഹായകരമായ പല നിലപാടുകളും സർക്കാർ സ്വീകരിച്ചതെന്നും സതീശൻ പറഞ്ഞു.
കേരളത്തിന് അഭിമാനമായ തൃശൂർ പൂരം കലക്കാൻ നടത്തിയ ഗൂഢാലോചന ഇവിടെ വ്യക്തമാണ്. സിറ്റി പൊലീസ് കമ്മീഷണർ അഴിഞ്ഞാടിയാണ് പൂരം കലക്കിയതെന്നും അയാളെ മാറ്റിയെന്നുമാണ് സർക്കാർ വാദം. എന്നാൽ അന്നു പകലും രാത്രിയും, ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ സാന്നിധ്യം അവിടെയുണ്ടായിരുന്നു. രാവിലെ 11 മുതൽ പിറ്റേന്ന് രാവിലെ ഏഴ് വരെ കമ്മീഷണർ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ അവിടെ അഴിഞ്ഞാടുമ്പോൾ അയാളോട് നോ പറയാൻ അയാളേക്കാൾ ഉയർന്ന പദവിയിലുള്ള എഡിജിപി അവിടെ ഉണ്ടായിരുന്നില്ലേ?.
പൂരത്തിനുള്ള പ്ലാനുമായി കമ്മീഷണർ വന്നപ്പോൾ അത് തള്ളി ക്രമസമാധാന ചുമതലയുള്ള എഡിജിപി പുതിയൊരു പ്ലാൻ നിർദേശിച്ചു എന്നുമാണ് വാർത്തകൾ. ഇത് അന്വേഷിക്കണം. ആ പ്ലാൻ അനുസരിച്ചാണ് എല്ലാം കുളമാക്കിയതെന്നും പൂരം കലക്കിയതെന്നും സതീശൻ ആരോപിച്ചു. ഇത് നിസാര കാര്യമല്ല. കാഫിർ വിവാദം പോലെ ഗൗരവമുള്ള കാര്യമാണെന്നും സതീശൻ വ്യക്തമാക്കി.
വടക്കേ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ നടക്കുന്നതുപോലെ തെരഞ്ഞെടുപ്പിന് മുമ്പ് വർഗീയകലാപമുണ്ടാക്കാൻ ചില വിത്തുകൾ പാകും, അതുപോലെ ഒരു വലിയ ഹൈന്ദവ വികാരമുണ്ടാക്കി ബിജെപിയെ തൃശൂരിൽ ജയിപ്പിക്കാൻ നടത്തിയ വലിയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ പൂരം കലക്കൽ. അതുകൊണ്ട്, പൂരംകലക്കലിനെ കുറിച്ചും അതിനു പിന്നിലെ ഗൂഢാലോചനയെ കുറിച്ചും അതിൽ പങ്കാളികളായ ആളുകളെക്കുറിച്ചും ജുഡീഷ്യൽ അന്വേഷണം വേണമെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.