'രാജി കൊണ്ട് കാര്യമില്ല'; ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് വി.ഡി സതീശൻ
|'ഭർത്താവ് നഷ്ടപ്പെട്ട ഭാര്യയുടെയും അച്ഛൻ നഷ്ടപ്പെട്ട മക്കളുടേയും വേദന ഇല്ലാതാകുമോ? പൊലിഞ്ഞ ജീവൻ തിരിച്ച് കൊടുക്കാൻ ആകുമോ?'- അദ്ദേഹം ചോദിച്ചു.
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥാനത്തുനിന് സിപിഎം നീക്കുകയും പാർട്ടി നിർദേശപ്രകാരം രാജിവയ്ക്കുകയും ചെയ്ത പി.പി ദിവ്യക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ദിവ്യയുടെ ജനരോഷം ഭയന്നുള്ള രാജി കൊണ്ട് കാര്യമില്ലെന്ന് വി.ഡി സതീശൻ പ്രതികരിച്ചു.
ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു. 'ക്ഷണിക്കപ്പെടാതെ എത്തി, പിന്നെ വാക്കുകൾ കൊണ്ട് ഒരു മനുഷ്യ ജീവൻ അവസാനിപ്പിച്ചു. എല്ലാം കഴിഞ്ഞ്, രാജി കൊണ്ട് പരിഹാരമാകുമോ? ഭർത്താവ് നഷ്ടപ്പെട്ട ഭാര്യയുടെയും അച്ഛൻ നഷ്ടപ്പെട്ട മക്കളുടേയും വേദന ഇല്ലാതാകുമോ? പൊലിഞ്ഞ ജീവൻ തിരിച്ച് കൊടുക്കാൻ ആകുമോ?'- അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സതീശന്റെ പ്രതികരണം.
എഡിഎമ്മിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റാണ് ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയത്. ദിവ്യക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് സിപിഎം നടപടി സ്വീകരിച്ചത്. ദിവ്യയോട് രാജി വയ്ക്കാൻ പാർട്ടി ആവശ്യപ്പെടുകയും ഇതനുസരിച്ച് അവർ രാജിക്കത്ത് സമർപ്പിക്കുകയും ചെയ്തു.
ദിവ്യക്ക് പകരം കെ.കെ രക്തകുമാരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവും. നവീൻ ബാബുവിന്റെ മരണത്തിൽ പി.പി ദിവ്യക്കെതിരെ വൻ പ്രതിഷേധമുണ്ടാവുകയും നടപടിക്ക് സിപിഎമ്മിൽ സമ്മർദമേറുകയും നേതാക്കളക്കം അവരെ തള്ളി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പാർട്ടി നടപടി.