Kerala
Opposition leader VD Satheesans constituency tour has started in connection with the Lok Sabha elections, Election 2024, LokSabha 2024

വി.ഡി സതീശന്‍

Kerala

എസ്.ഡി.പി.ഐയുമായി തെരഞ്ഞെടുപ്പ് ചർച്ച നടത്തിയിട്ടില്ല-വി.ഡി സതീശൻ

Web Desk
|
1 April 2024 9:52 AM GMT

''പുസ്തകം വായിച്ചതിന്റെ പേരിൽ സി.പി.എം കുടുംബപശ്ചാത്തലത്തില്‍നിന്നുള്ള രണ്ട് യുവാക്കളെ യു.എ.പി.എ നിയമത്തിൽ അകത്തിട്ട മുഖ്യമന്ത്രിയാണ് ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ നിയമം ചുമത്താനാകില്ലെന്നു പറയുന്നത്.''

കാസർകോട്: എസ്.ഡി.പി.ഐയുമായി തെരഞ്ഞെടുപ്പ് ചർച്ച നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പല പാർട്ടികളും കൂട്ടായ്മകളും യു.ഡി.എഫിനു പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാസർകോട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് സതീശന്റെ പ്രതികരണം.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണക്കുമെന്ന് നേരത്തെ എസ്.ഡി.പി.ഐ പ്രഖ്യാപിച്ചിരുന്നു. ദേശീയതലത്തിൽ മതനിരപേക്ഷ ചേരിയെ പിന്തുണക്കും. കേരളത്തിൽ സ്ഥാനാർഥികളെ നിർത്തില്ലെന്നുമാണ് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പ്രഖ്യാപിച്ചത്.

സി.എ.എ വിഷയത്തിൽ മുഖ്യമന്ത്രി കള്ളം ആവർത്തിക്കുകയാണെന്നും വി.ഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രി ഒരേ കാര്യം നിരന്തരം ആവർത്തിക്കുകയാണ്. 835 കേസെടുത്തിട്ട് 65 എണ്ണം മാത്രമാണു പിൻവലിച്ചത്. ലക്ഷക്കണക്കിനു രൂപയാണു സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ അടക്കേണ്ടിവന്നത്. ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണ് കേസ് പിൻവലിക്കാത്തത്. സി.എ.എ വിഷയത്തിൽ ഞങ്ങൾക്കെതിരെയും കേസുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാർലമെന്റിൽ പാസാക്കിയ നിയമം എങ്ങനെയാണ് കേരളത്തിൽ നടപ്പാക്കില്ലെന്നു പറയുക? പൗരത്വവുമായി ബന്ധപ്പെട്ട നിയമമല്ല അത്. വെറുതെ പറ്റിക്കാൻ വേണ്ടി പറയുകയാണ്. അതുകൊണ്ടാണ് നിയമം പിൻവലിക്കണമെന്ന് ഞങ്ങൾ പറഞ്ഞത്. സി.എ.എക്കെതിരെ രാഹുൽ ഗാന്ധി പലതവണ സംസാരിച്ചു. കോൺഗ്രസ് നിരവധി സ്ഥലത്ത് നൈറ്റ് മാർച്ച് നടത്തിയിട്ടുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി.

''കേരളത്തിൽ മാത്രമാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കാത്തത്. കേരളത്തിന്റെ മുഖ്യമന്ത്രിയാണ് എന്ന കാര്യം പിണറായി മറന്നുപോകുന്നു. മുഖ്യമന്ത്രി കേരളത്തിന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ല. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും പരിതാപകരമായ സാമ്പത്തിക വർഷമാണ് കഴിഞ്ഞുപോയത്.''

റിയാസ് മൗലവി വധത്തിൽ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്താനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെന്ന വെളിപ്പെടുത്തലിലും അദ്ദേഹം പ്രതികരിച്ചു. പുസ്തകം വായിച്ചതിന്റെ പേരിൽ രണ്ട് യുവാക്കളെ, അലനെയും താഹയെയും യു.എ.പി.എ നിയമത്തിൽ അകത്തിട്ട മുഖ്യമന്ത്രിയാണിത് പറയുന്നത്. സി.പി.എം അനുഭാവികളായ കുടുംബത്തിലെ രണ്ടു ചെറുപ്പക്കാരെയാണ് അറസ്റ്റ് ചെയ്തു ജയിലിലിട്ടത്. അങ്ങനെയൊരാളാണ് ഇതുപോലെ ഒരു ക്രൂരമായ കൊലപാതകം നടത്തിയ ആർ.എസ്.എസ്സുകാര്‍ക്കെതിരെ യു.എ.പി.എ ചുമത്തില്ലെന്നു പറയുന്നത്. ഇവരുടെ കാപട്യമാണിത്. ഇവര്‍ തമ്മിലുള്ള ധാരണപ്രകാരമാണു പ്രതികള്‍ രക്ഷപ്പെട്ടതെന്നും വി.ഡി സതീശൻ ആരോപിച്ചു.

Summary: Kerala Opposition leader VD Satheesan says that the UDF did not hold election talks with SDPI

Similar Posts