കെ-ഫോൺ: ലോകായുക്തയ്ക്കെതിരായ പരാമർശം പിൻവലിച്ച് വി.ഡി സതീശൻ
|കെ-ഫോണിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഫെബ്രുവരി 29ന് പരിഗണിക്കാൻ മാറ്റി
കൊച്ചി: കെ-ഫോൺ ഹരജിയിൽ ലോകായുക്തയ്ക്കെതിരായ പരാമർശം പിൻവലിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തങ്ങളുടെ കർത്തവ്യം നിർവഹിക്കാൻ ലോകായുക്ത പ്രാപ്തരല്ലെന്ന പരാമർശമാണു പിൻവലിച്ചത്. കെ-ഫോണിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഫെബ്രുവരി 29ന് പരിഗണിക്കാൻ മാറ്റി.
കേസിൽ ഇന്നു വിശദമായ വാദം നടന്നിട്ടില്ല. ലോകായുക്തയ്ക്കെതിരായ പരാമർശം പിൻവലിക്കാമെന്ന കാര്യം സത്യവാങ്മൂലത്തിലൂടെയാണ് വി.ഡി സതീശൻ ഹൈക്കോടതിയെ അറിയിച്ചത്. കോടതിയുടെ നിർദേശം മാനിച്ച് പരാമർശം പിൻവലിക്കുന്നതായി അദ്ദേഹം അറിയിച്ചു. ഇക്കാര്യം കോടതി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു ലോകായുക്തയ്ക്കെതിരായ പ്രസ്താവനയെന്ന് സതീശൻ പറഞ്ഞു. മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടി പ്രതിപക്ഷ നേതാവ് ഹൈക്കോടതിയിൽ സമർപ്പിച്ചു. ലോകായുക്തയിൽ ഹരജി നൽകുന്നവരുടെ എണ്ണത്തിലും ഹരജികൾ തീർപ്പാക്കുന്നതിന്റെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2023ൽ ലോകായുക്തയ്ക്കു ലഭിച്ചത് 232 പരാതികൾ മാത്രമാണ്. ഇതിൽ തീർപ്പാക്കിയത് 103 പരാതികൾ മാത്രവും. ലോകായുക്തയ്ക്കെതിരായ പൊതുജനങ്ങളുടെ വികാരവും മനസിലാക്കിയിട്ടുണ്ട്. ലോകായുക്ത രൂപീകരിച്ചതിന്റെ ഉദ്ദേശ്യം നടപ്പായെന്ന് കരുതുന്നില്ലെന്നും വി.ഡി സതീശൻ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
Summary: Kerala Leader of Opposition VD Satheesan withdraws reference against Lokayukta in K-FON petition