നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ, പിൻവാതിലുകാരെല്ലാം രാജിവെക്കണം; വിഡി സതീശൻ
|മുഖ്യമന്ത്രിയാണ് ഉത്തരവാദിയെന്നും വിഡി സതീശൻ പറഞ്ഞു
കൊച്ചി: പ്രിയാ വർഗീസിനെതിരായ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മാന്യതയുണ്ടെങ്കിൽ പിൻവാതിൽ നിയമനം ലഭിച്ച എല്ലാവരും രാജിവെച്ച് പോകണമെന്നാണ് അഭ്യർത്ഥന. കെ.കെ രാഗേഷ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് ഈ നിയമനങ്ങൾ നടക്കുന്നത്. മുഖ്യമന്ത്രിയാണ് ഉത്തരവാദിയെന്നും വിഡി സതീശൻ പറഞ്ഞു.
അധികാരത്തിൽ വന്ന ശേഷം ആഭ്യന്തരമടക്കമുള്ള വകുപ്പുകൾ പാർട്ടിക്കാർക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധങ്ങളും ഇതിന്റെ ചുവടുപിടിച്ചാണെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
പ്രിയാ വർഗീസിന്റെ നിയമനം യു.ജി.സി മാനദണ്ഡപ്രകാരമല്ലെന്നായിരുന്നു ഹൈക്കോടതി വിധി. പ്രിയയുടെ സേവന കാലവും പ്രവൃത്തി പരിചയവും തമ്മിൽ വ്യത്യാസമുണ്ടെന്ന് നിരീക്ഷിച്ച കോടതി പിഎച്ച്ഡി കാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നും ആവർത്തിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിന്റേതാണ് വിധി. പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന് ആരോപിച്ച് നിയമന പട്ടികയിൽ രണ്ടാമതുള്ള ഡോ. ജോസഫ് സ്കറിയ നൽകിയ ഹരജിയിലാണ് വിധി. ഹരജിയിൽ പ്രിയാ വർഗീസിന്റെ നിയമനം ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. തുടർച്ചയായ രണ്ടുദിവസം വാദം കേട്ട ശേഷമാണ് വിധി പ്രഖ്യാപിച്ചത്.