ന്യൂനപക്ഷ സ്കോളർഷിപ്പ്; സര്‍ക്കാര്‍ തീരുമാനത്തെ ഭാഗികമായി സ്വാഗതം ചെയ്യുന്നുവെന്ന് വി.ഡി സതീശന്‍
|ലീഗ് പറഞ്ഞ കാര്യം സർക്കാർ പരിഗണിക്കണം. മുസ്‍ലിം ലീഗ് പറഞ്ഞത് താനും അംഗീകരിക്കുന്നു
ന്യൂനപക്ഷ സ്കോളർഷിപ്പ് ജനസംഖ്യാനുപാതികമായി പുനഃക്രമീകരിച്ചതില്‍ യു.ഡി.എഫില്‍ ആശയക്കുഴപ്പം. സ്കോളർഷിപ്പില്‍ ആർക്കും നഷ്ടമില്ലാത്ത തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് സതീശൻ പറഞ്ഞു. ന്യൂനപക്ഷ സ്കോളർഷിപ്പിൽ സർക്കാരിന്‍റെ പുതിയ തീരുമാനം ഭാഗികമായി അംഗീകരിക്കുന്നുവെന്നും സതീശന്‍ വിശദീകരിച്ചു. എന്നാൽ സതീശന്‍റെ നിലപാടിനെ തള്ളി ലീഗ് രംഗത്ത് വന്നു. സ്കോളർഷിപ്പ് വിതരണം പുനഃക്രമീകരിച്ചതിലൂടെ മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായെന്നായിരുന്നു ലീഗിന്‍റെ മറുപടി.
ന്യൂനപക്ഷ സ്കോളർഷിപ്പിൽ സർക്കാരിന്‍റെ പുതിയ തീരുമാനത്തെ പൂർണമായും എതിർക്കുന്നില്ലെന്നായിരുന്നു സതീശന്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് സർക്കാർ തീരുമാനത്തെ ഭാഗികമായി സ്വാഗതം ചെയ്യുന്നുവെന്ന് പിന്നീട് തിരുത്തുകയും ചെയ്തു . ലീഗ് പറഞ്ഞ കാര്യം സർക്കാർ പരിഗണിക്കണം. മുസ്‍ലിം ലീഗ് പറഞ്ഞത് താനും അംഗീകരിക്കുന്നു. മുസ്‍ലിം സമുദായത്തിന് മാത്രമായുള്ള പദ്ധതി നഷ്ടമായി എന്ന് തന്നെയാണ് ഞാന്‍ പറഞ്ഞത്. അതാണ് മുസ്‍ലിം ലീഗും പറഞ്ഞത്. ലീഗിന്‍റെ നിലപാട് യു.ഡി.എഫും ചർച്ച ചെയ്യുമെന്നും സതീശന്‍ പറഞ്ഞു. പാലോളി,സച്ചാർ റിപ്പോർട്ടുകൾ ഇല്ലാതായി എന്ന പരാതി നിലനിൽക്കുന്നുണ്ട്. ഇത് സർക്കാർ പരിഗണിക്കണമെന്നും സതീശൻ പറഞ്ഞു.
എന്നാല്‍ മുസ്‍ലിം സമുദായത്തിന് നഷ്ടമില്ലെന്ന സതീശന്‍റെ നിലപാട് അംഗീകരിക്കില്ലെന്ന് കെ.പി.എ മജീദ് പറഞ്ഞു. സച്ചാർ കമ്മിറ്റി റിപ്പോർട്ടിനെ കുഴിച്ചുമൂടിയുള്ളതാണ് പുതിയ തീരുമാനം. ലീഗ് നിലപാട് രേഖാമൂലം കൊടുത്തതാണെന്നും മജീദ് പറഞ്ഞു.