'പൈസയില്ലെങ്കി വേറെ പണിക്ക് പോ...അല്ലാതെ പിടിച്ചുപറിക്കരുത്'; പ്രതിഷേധത്തിന് ഫീസ് വാങ്ങുന്നതിനെതിരെ വി.ഡി സതീശൻ
|കരുവന്നൂർ കേസില്‍ പ്രധാന സിപിഎം നേതാക്കൾ രക്ഷപ്പെടുകയും നിരപരാധികൾ കുടുങ്ങുകയും ചെയ്തെന്ന് വി.ഡി സതീശന്‍ പറഞ്ഞു
തിരുവനന്തപുരം: പ്രതിഷേധത്തിന് ഫീസ് വാങ്ങുന്ന സർക്കാർ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇത് പിടിച്ചുപറിയാണ്, പൈസയില്ലെങ്കില്‍ വേറെ പണിക്ക് പോവുകയാണ് വേണ്ടത്. തങ്ങളെന്തായാലും പൈസ അടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതൊക്കെ പ്രകൃതമായ കാര്യമാണ്. എല്ലാ കാലത്തും ഭരണത്തിൽ ഇരിക്കുമെന്ന് പ്രതീക്ഷിക്കരുത്. കമ്മ്യൂണിസ്റ്റ് സർക്കാർ ആണെങ്കിൽ പിൻവലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
''കേരള ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയാണ് സഹകരണ ബാങ്കുകളിലെ തട്ടിപ്പ് കേസ്. കള്ളപ്പണ ഇടപാടിൽ സമഗ്ര അന്വേഷണം വേണമെന്നും സമര പരിപാടികൾ ശക്തിപ്പെടുത്തും. സി.പി.എം സ്വീകരിച്ചത് കള്ളപ്പണക്കാരെ സംരക്ഷിക്കുന്ന നിലപാടാണ്. പ്രധാന നേതാക്കൾ രക്ഷപ്പെടുകയും നിരപരാധികൾ കുടുങ്ങുകയും ചെയ്തു. ഒരു ബാങ്കിന്റെ നാല് ചുവരുകൾക്ക് ഉള്ളിൽ ഒതുങ്ങി നിൽക്കുന്ന പ്രശ്നം അല്ല ഇത്. സംസ്ഥാനത്തിലെ ഇത്രയും വലിയ ധനപ്രതിസന്ധി ഉണ്ടാക്കിയത് മുൻ ധനമന്ത്രി തോമസ് ഐസക്കാണ്.'' വി.ഡി സതീശന്‍ പറഞ്ഞു.
ജാതി വിവേചനമെന്ന മന്ത്രി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. ഏത് ക്ഷേത്രമെന്ന് മന്ത്രി പറയണം. നടപടി എടുക്കുകയും വേണം. കേരളത്തിന് നാണക്കേട് ആണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.