Kerala
VD Satheesan
Kerala

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് വിധി; യു.ഡി.എഫിനെ അപഹസിക്കാൻ ശ്രമിച്ചവരുടെ മുഖത്തേറ്റ അടിയെന്ന് വി.ഡി സതീശൻ

Web Desk
|
11 April 2024 10:30 AM GMT

വ്യാജരേഖയുണ്ടാക്കിയാണോ കോടതിയെ സമീപിച്ചതെന്ന സംശയം നിലനിൽക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പിലെ ഹൈക്കോടതിവിധി യു.ഡി.എഫിനെ അപഹസിക്കാൻ ശ്രമിച്ചവരുടെ മുഖത്തേറ്റ അടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വ്യാജരേഖയുണ്ടാക്കിയാണോ കോടതിയെ സമീപിച്ചതെന്ന സംശയം നിലനിൽക്കുന്നുണ്ട്. ജനകീയ കോടതിയുടെ വിധി ഹൈക്കോടതിയും ശരിവെച്ചത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും വി.ഡി സതീശൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

"കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് ശരിവച്ച ഹൈക്കോടതി വിധി ജനാധിപത്യത്തിന്റെ വിജയമാണ്. 2021-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ കെ. ബാബു പൊരുതി നേടിയ വിജയത്തെ അപഹസിക്കാനാണ് തുടക്കം മുതല്‍ക്കെ എല്‍.ഡി.എഫും സി.പി.എമ്മും ശ്രമിച്ചത്. ഏതുവിധേനയും കെ. ബാബുവിനെ അയോഗ്യനാക്കാന്‍ സി.പി.എം എല്ലാ അടവുകളും പയറ്റി. ആരോപണങ്ങള്‍ തെളിയിക്കാന്‍ ഹാജരാക്കിയ രേഖകളുടെ വിശ്വസനീയത കോടതിയെ ബോധ്യപ്പെടുത്താന്‍ പോലും ഹരജിക്കാര്‍ക്കായില്ല. വ്യാജരേഖ ഉണ്ടാക്കിയാണോ കോടതിയെ സമീപിച്ചതെന്ന സംശയം പോലും നിലനില്‍ക്കുന്നുണ്ട്" പ്രതിപക്ഷ നേതാവിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.

തൃപ്പൂണിത്തുറ എം.എല്‍.എ കെ.ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.സ്വരാജ് സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്. തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പില്‍ അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ട് പിടിച്ചെന്നായിരുന്നു കെ.ബാബുവിനെതിരായ എം.സ്വരാജിന്റെ ആരോപണം. അതിനാല്‍ കെ.ബാബുവിന്റെ വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹരജി.

Similar Posts