കേരളം മുഴുവൻ പരിപാടികളിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടത് വി.ഡി സതീശൻ: ശശി തരൂർ
|പരിപാടികളിൽ പങ്കെടുക്കുമ്പോൾ അതത് ഡിസിസി പ്രസിഡന്റുമാരെ അറിയിക്കാറുണ്ടെന്നും എന്നിട്ടും വിവാദം എന്തിനെന്ന് അറിയില്ലെന്നും തരൂർ
കേരളം മുഴുവൻ പരിപാടികളിൽ പങ്കെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് തന്നോട് ആവശ്യപ്പെട്ടതെന്ന് ശശി തരൂർ. ജില്ലകളിലെ പരിപാടികളിൽ പങ്കെടുക്കുമ്പോൾ അതത് ഡിസിസി പ്രസിഡന്റുമാരെ അറിയിക്കാറുണ്ടെന്നും എന്നിട്ടും വിവാദം എന്തിനെന്ന് അറിയില്ലെന്നും താൻ ഒരു വിഭാഗീയ പ്രവർത്തനവും നടത്തിയിട്ടില്ലെന്നും ശശി തരൂർ പത്തനംതിട്ടയിൽ പറഞ്ഞു.
"സംസ്ഥാനം മുഴുവൻ പരിപാടികളിൽ പങ്കെടുക്കണം,കോൺഗ്രസിന്റെ സന്ദേശമെത്തിക്കണം എന്ന് മൂന്ന് തവണയോളം പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടുണ്ട്. പിന്നെ ഇത്തരം പരിപാടികളിൽ പങ്കെടുക്കുമ്പോൾ വിവാദമെന്തിനെന്ന് മനസ്സിലാകുന്നില്ല. ഒരു ഗ്രൂപ്പും ഉണ്ടാക്കിയിട്ടുമില്ല,ഒരു ഗ്രൂപ്പിലും ചേരാൻ ഉദ്ദേശിക്കുന്നുമില്ല. 14 വർഷമായി തുടരുന്ന പ്രവർത്തനമാണ്. ഇതുവരെ ഒരു പരാതി ഉണ്ടായിട്ടില്ല. ഇനി പരാതി ഉയർന്നാൽ തന്നെ അതിന് മറുപടി കൊടുക്കാനുമറിയാം". തരൂർ പറഞ്ഞു.
അതേസമയം വിവാദങ്ങൾക്കിടെ പത്തനംതിട്ട ജില്ലയിലെ പര്യടനം തുടരുകയാണ് ശശി തരൂർ. പന്തളത്ത് എത്തിയ തരൂരിനെ മുൻ ഡി.സി.സി പ്രസിഡന്റ് പി മോഹൻ രാജിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. രാഷ്ട്രീയ പരിപാടി അല്ലായിരുന്നെങ്കിലും നിരവധി കോൺഗ്രസ് പ്രവർത്തകരും തരൂരിനെ സ്വീകരിക്കാൻ പന്തളത്ത് എത്തിയിരുന്നു.
ജില്ലാ കോൺഗ്രസിലെ പ്രധാന നേതാക്കൾ വിട്ടു നിന്നെങ്കിലും മുൻ ഡി.സി.സി പ്രസിഡന്റ് മോഹൻ രാജ് ,ദളിത് കോൺഗ്രസ് നേതാവ് കെ കെ ഷാജു , ഡിസിസി ജനറൽ സെക്രട്ടറി വി ആർ സോജി തുടങ്ങിയവർ ജില്ലയിലെ വിവിധ പരുപാടികളിൽ തരൂരിനൊപ്പം മുഴുവൻ സമയവും പങ്കെടുക്കുന്നുണ്ട്. സ്വതന്ത്ര സംഘടനയായ ബോധിഗ്രാമിന്റെ അടൂരിൽ നടക്കുന്ന പ്രഭാഷണമാണ് തരൂർ പങ്കെടുക്കുന്ന ജില്ലയിലെ പ്രധാന പരിപാടി. യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ് ശബരി നാഥൻ , ആന്റോ ആന്റണി എം.പി തുടങ്ങിയവരും അടൂരിലെത്തി തരൂരിന് പിന്തുണയറിച്ചു.