മാസപ്പടിയില്‍ ഇ.ഡി: 'ഒരന്വേഷണവും മുഖ്യമന്ത്രിയിലേക്കും മകളിലേക്കും എത്തില്ല'; വി.ഡി സതീശൻ
|''അന്വേഷണം സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചല്ലെന്ന് ബോധിപ്പിക്കാനുള്ള തന്ത്രം മാത്രം''
തിരുവനന്തപുരം: മാസപ്പടി കേസിൽ ഇ.ഡി അന്വേഷണം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴുള്ള സ്റ്റണ്ട് മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അന്വേഷണം സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചല്ല എന്ന് ബോധിപ്പിക്കാനുള്ള തന്ത്രം മാത്രമാണെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
'ഇ.ഡി അന്വേഷണ പരിധിയിൽ ഉള്ള കേസുകളുടെയൊക്കെ അന്വേഷണം എവിടെ എത്തി നിൽക്കുന്നു? എല്ലാ അന്വേഷണവും ഒരു സുപ്രഭാതത്തിൽ ഇല്ലാതായി. ബി.ജെ.പി-സി.പി.എം നേതാക്കൾ തമ്മിൽ ബിസിനസ് പാർട്ണർഷിപ്പ് വരെയുണ്ടായി. മാസപ്പടി അന്വേഷണത്തിൽ അച്ഛനും മകൾക്കും ഒരു നോട്ടീസ് പോലും ഏജൻസികൾ നൽകിയിട്ടില്ല. ഒരു അന്വേഷണവും മുഖ്യമന്ത്രിയിലേക്കും മകളിലേക്കും എത്തില്ല'. ബാക്കിയുള്ള സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കളോട് ഇവിടത്തെ പോലെ ഔദാര്യം അന്വേഷണ ഏജൻസികൾ കാണിച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു.
'പ്രേമലേഖനം അയക്കുന്നത് പോലെയാണ് നോട്ടീസ് അയക്കുന്നത്. കേരളത്തിലെ സി.പി.എമ്മും സംഘ്പരിവാറും തമ്മിൽ അവിഹിത ബന്ധമാണുള്ളത്.തെളിവുകൾ യു.ഡി.എഫ് പലവട്ടം വെളിയിൽ കൊണ്ടുവന്നതാണ്. രഹസ്യബന്ധമല്ല, ഇപ്പോൾ പരസ്യമായ ബന്ധമാണ്'. സതീശൻ പറഞ്ഞു.