Kerala
കെ. സുരേന്ദ്രനും മുഖ്യമന്ത്രിക്കും ഒരേ ശബ്ദമെന്ന് വി.ഡി സതീശൻ
Kerala

കെ. സുരേന്ദ്രനും മുഖ്യമന്ത്രിക്കും ഒരേ ശബ്ദമെന്ന് വി.ഡി സതീശൻ

Web Desk
|
18 Nov 2024 6:43 AM GMT

സാദിഖലി തങ്ങൾക്കെതിരായ പരാമർശം സംഘപരിവാറിനെ പ്രീണിപ്പിക്കാൻ

പാലക്കാട്: സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശം സംഘപരിവാറിനെ പ്രീണിപ്പിക്കാനെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. കെ. സുരേന്ദ്രനും മുഖ്യമന്ത്രിക്കും ഒരേ ശബ്ദമാണ്. മുഖ്യമന്ത്രി പാലക്കാട്ടെ തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലായി മാറുമെന്ന് പറയാൻ സർക്കാർ തയ്യാറാണോയെന്നും പ്രതിപക്ഷനേതാവ് ചോദ്യമുന്നയിച്ചു.

ഹിന്ദു പത്രത്തിലെ വിദ്വേഷത്തിന്റെ തുടർച്ചയാണ് മുഖ്യമന്ത്രി ഇന്നലെ പാലക്കാട് തങ്ങൾക്കെതിരെ നടത്തിയത്. ഉജ്വലനായ മതേതര നേതാവാണ് പാണക്കാട് തങ്ങൾ.

മുനമ്പം വിഷയത്തിൽ ഭിന്നിപ്പുണ്ടാകാതിരിക്കാൻ പോരാടിയ നേതാവാണ് തങ്ങൾ. എല്ലാവർക്കും വഴികാട്ടിയായ മതേതര നിലപാടെടുത്ത നേതാവിനെയാണ് മുഖ്യമന്ത്രി അധിക്ഷേപിച്ചത്.

കെ.സുരേന്ദ്രൻ തങ്ങളെ വിമർശിക്കാൻ പാടില്ലെ എന്ന് പറഞ്ഞത് മുഖ്യമന്ത്രിയുടെ ശബ്ദവും ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ശബ്ദവും ഒന്നാണെന്ന് തെളിയിക്കുന്നു.

പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ നിലപാട് കാണിച്ച മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഓന്തിന്റെ സ്വഭാവം കാട്ടി ഭൂരിപക്ഷ പ്രീണനം നടത്തുകയാണ്. ഈ സർക്കാരിന്റെ വിലയിരുത്തലാവും ഈ തെരഞ്ഞെടുപ്പെന്ന് പറയാൻ സർക്കാരിന് ധൈര്യമുണ്ടോ എന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.

സംഘപരിവാർ ഉണ്ടാക്കിയ മുനമ്പം വിഷയത്തിൽ തീരുമാനമുണ്ടാക്കാൻ സർക്കാർ മനഃപ്പൂർവം വൈകിപ്പിക്കുകയാണ്. ബാർട്ടർ സിസ്റ്റം പോലെ തമ്മിലുള്ള കേസുകൾ ഇല്ലാതാക്കുന്ന പരിപാടിയാണ് ഇരുപാർട്ടികളും തമ്മിൽ നടക്കുന്നത്.

ഇരു പാർട്ടികളും പാലക്കാട് യുഡിഎഫിനെ തകർക്കാനാണ് ശ്രമിക്കുന്നത്. രണ്ടാം സ്ഥാനത്ത് വരാനുള്ള എല്ലാം സ്ഥാനവും സിപിഎം ഇല്ലാതാക്കിക്കഴിഞ്ഞു.

മണിപ്പൂരിൽ ക്രൈസ്തവരെ പച്ചയ്ക്ക് കത്തിക്കുന്നവർ ഇവിടെ ആട്ടിൻ തോലിട്ട ചെന്നായ്ക്കളായി ക്രൈസ്തവ ഭവനങ്ങളിൽ കയറി ഭിന്നിപ്പുണ്ടാക്കുകയാണ് എന്നും സതീശൻ കൂട്ടിച്ചേർത്തു.

സന്ദീപ് വാര്യർ ക്രിസ്റ്റൽ ക്ലിയറെന്ന് പറഞ്ഞ എ.കെ ബാലൻ ഇന്ന് അദേഹത്തെ വിമർശിക്കുന്നത് പരിഹാസ്യമാണ്. സന്ദീപ് കോൺഗ്രസിലേക്ക് വരുമ്പോൾ ബിജെപിയെക്കാൾ വലിയ കൂട്ടക്കരച്ചിലാണ് സിപിഎമ്മിൽ.

പാലക്കാട് ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം ഇടതുപക്ഷത്തിന് മൂന്നാം സ്ഥാനം മാത്രമേ കിട്ടുകയുള്ളു. ചേലക്കരയും പാലക്കാടും 50 വർഷമായി കാണാത്ത തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.


Updating...

Similar Posts