'അംബേദ്കറെ അപമാനിച്ചു'; സജി ചെറിയാൻ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമെന്ന് വി.ഡി സതീശൻ
|'മന്ത്രി രാജിവെക്കണം. ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ പാടില്ല'
തിരുവനന്തപുരം: മന്ത്രി സജിചെറിയാന്റെ ഭരണഘടനാ വിമർശനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അംബേദ്കർ ഉൾപ്പടെയുള്ളവരെയാണ് മന്ത്രി അപമാനിച്ചത്. ഭരണഘടനാ ശിൽപികളെ അപകീർത്തിപ്പെടുത്തി. എവിടെ നിന്നാണ് ഇദ്ദേഹത്തിന് ഈ വിവരങ്ങളൊക്കെ കിട്ടിയതെന്ന് സതീശൻ ചോദിച്ചു.
ഇത്തരത്തിൽ പരാമർശം നടത്തിയ മന്ത്രി ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ പാടില്ല. തുടർന്നാൽ നിയമപരമായ വഴികൾ നേരിടും. ജനാധിപത്യത്തേയും മതേതരത്വത്തേയും അദ്ദേഹത്തിന് പുച്ഛമാണെന്നും അദ്ദേഹം പറഞ്ഞു. സഭയിലും വിഷയം ഉന്നയിക്കും. ഭരണഘടനയെ അവഹേളിച്ചത് മോശമായി പോയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്നാണ് മന്ത്രിയുടെ വിമർശനം. ആര് പ്രസംഗിച്ചാലും ഇന്ത്യൻ ഭരണഘടന മികച്ചതാണെന്ന് ഞാൻ സമ്മതിക്കില്ല. മതേതരത്വം, ജനാധിപത്യം എന്നിവ എഴുതിവച്ചിട്ടാല്ലാതെ മറ്റൊന്നും ഭരണഘടനയിലില്ല. ബ്രിട്ടീഷുകാർ പറയുന്നതിനനുസരിച്ച് ചിലർ എഴുതിയതാണ് ഇന്ത്യൻ ഭരണഘടന-മന്ത്രി വിമർശിച്ചു.
ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന സി.പി.എം പരിപാടിയിലാണ് മന്ത്രിയുടെ പരാമർശം. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം എന്ന പേരിൽ മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി നൂറു ലക്കം പിന്നിട്ടതിന്റെ ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സജി ചെറിയാൻ.