Kerala
vd satheesan about barbribe case

വി.ഡി സതീശൻ 

Kerala

കാഫിർ സ്ക്രീൻഷോട്ട്: സി.പി.എമ്മിന്റേത് ഭീകരപ്രവർത്തനത്തിന് സമാനമായ വിദ്വേഷ പ്രചാരണം -വി.ഡി. സതീശൻ

Web Desk
|
14 Aug 2024 8:06 AM GMT

‘വിദ്വേഷ പ്രവർത്തനത്തിൽ ഗവേഷണം നടത്തുന്ന ബി.ജെ.പി പോലും സി.പി.എമ്മിന് മുമ്പിൽ നാണിച്ച് തലതാഴ്ത്തും’

പാലക്കാട്: വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് പ്രചാരണത്തിൽ ഭീകര പ്രവർത്തനത്തിന് സമാനമായ വിദ്വേഷ പ്രവർത്തനമാണ് സി.പി.എം നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുൻ എം.എൽ.എ കെ.കെ. ലതിക ഉൾപ്പെടെയുള്ള ഉന്നത സി.പി.എം നേതാക്കളുടെ പങ്ക് വ്യക്തമാണ്. യഥാർഥ പ്രതികളെ പുറത്തെത്തിക്കും വരെ നിയമപോരാട്ടം തുടരുമെന്നും സതീശൻ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ കേരള പൊലീസ് സമർപ്പിച്ച റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതാണ്. സി.പി.എമ്മിന്റെ സൈബർ ഗ്രൂപ്പുകളിലാണ് ഇപ്പോൾ അന്വേഷണം എത്തിനിൽക്കുന്നത്.

കോൺഗ്രസിന്റെയും ലീഗിന്റെയും മേലെ ചാരിവെച്ച് സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ സി.പി.എം നടത്തിയ ക്രൂരമായ ശ്രമമാണ് പുറത്തുവന്നത്. വോട്ട് പിടിക്കാൻ ഏത് ഹീനമായ മാർഗവും ഉപയോഗിക്കുമെന്ന് സി.പി.എം തെളിയിച്ചു.

ജനങ്ങൾക്കിടയിൽ മതപരമായ ഭിന്നിപ്പ് ഉണ്ടാക്കാനായിരുന്നു സി.പി.എം ശ്രമം. വിദ്വേഷ പ്രവർത്തനത്തിൽ ഗവേഷണം നടത്തുന്ന ബി.ജെ.പി പോലും സി.പി.എമ്മിന് മുമ്പിൽ നാണിച്ച് തലതാഴ്ത്തും.

പ്രതികൾ ആരാണെന്ന് പൊലീസിന് കൃത്യമായി അറിയാം. അവർ പ്രതികളെ മറച്ചുപിടിക്കുന്നു. ഉന്നതരായ സി.പി.എം നേതാക്കൾക്ക് ഈ കേസിൽ പങ്കുണ്ട്. എത്ര വൃത്തികെട്ട ഹീനമായ പ്രവൃത്തിയാണ് സി.പി.എം നടത്തിയത്.

ഇനി ഒരു പാർട്ടിയും സംഘപരിവാറിനെ പോലെ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമങ്ങൾ നടത്തരുത്. സി.പി.എം നേതാക്കൾ എല്ലാം ഇതിൽ മറുപടി പറയണം. ജനങ്ങൾക്ക് മുമ്പിൽ അവർ മാപ്പ് പറയണം.

സമൂഹത്തെ രണ്ടാക്കി വെട്ടിമുറിക്കാനായിരുന്നു സി.പി.എം ശ്രമം. ഹൈക്കോടതി ചെവിക്ക് പിടിച്ചത് കൊണ്ടാണ്ട് ഇപ്പോൾ പൊലീസ് റിപ്പോർട്ട് പുറത്തുവിട്ടത്. ഇല്ലെങ്കിൽ ഷാഫി പറമ്പിൽ എം.പിയെയും യൂത്ത് ലീഗ് പ്രവർത്തകൻ കാസിമിനെയും ഈ കേസിൽ പ്രതികളാക്കി ആഘോഷിച്ചേനെ. കൂടുതൽ അന്വേഷണം വന്നാൽ അത് ചില കുടുംബങ്ങളിൽ എത്തിനിൽക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.

Similar Posts