അട്ടപ്പാടിയിൽ ഗർഭിണിയെ തുണിയിൽ ചുമന്ന് ആശുപത്രിയിലെത്തിച്ച സംഭവം; വീഴ്ചപറ്റിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ്
|പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിക്കും വി.ഡി സതീശന് കത്തയച്ചു
തിരുവനന്തപുരം: അട്ടപ്പാടി കടുകമണ്ണ ഊരിൽ ഗർഭിണിയെ തുണിയിൽ കെട്ടി ചുമന്ന് ആശുപത്രിയിലെത്തിക്കേണ്ടി വന്ന ദുരവസ്ഥ ശ്രദ്ധയിൽപ്പെടുത്തി മുഖ്യമന്ത്രിക്കും പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിക്കും പ്രതിപക്ഷ നേതാവ് കത്തയച്ചു. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ ഉചിതമായ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
'ആരോഗ്യരംഗത്ത് കാലങ്ങളായി കേരളം നേടിയെടുത്ത മികവിന്റെ ശോഭ ഒന്നാകെ കെടുത്തിയ സംഭവമാണ് അട്ടപ്പാടിയിലുണ്ടായത്. ഊരിലേക്ക് ഗതാഗത സൗകര്യമില്ലാത്തതിനാൽ ആംബുലൻസിന് സമീപമെത്തിക്കാൻ മൂന്നര കിലോ മീറ്റർ ദൂരമാണ് ഗർഭിണിയെ ബന്ധുക്കൾ തുണിയിൽ കെട്ടി ചുമന്നത്. സംഭവം നടന്നതിന്റെ തലേദിവസം പരിശോധനയ്ക്കായി കോട്ടത്തറ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിയ യുവതിയെ വീട്ടിലേക്ക് മടക്കി അയച്ചെന്നും ബന്ധുക്കൾ പരാതിപ്പെട്ടിട്ടുണ്ട്. വീട്ടിലെത്തി രാത്രി 12 മണിയോടെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടത്തറ ആശുപത്രിയിലേക്കും 108 നമ്പറിലും ബന്ധപ്പെട്ടെങ്കിലും പുലർച്ചെ മൂന്നു മണിയോടെയാണ് ആംബുലൻസ് എത്തിയതെന്നും ബന്ധുക്കൾ പറയുന്നതായും സതീശന് ചൂണ്ടിക്കാട്ടി.
സർക്കാരിന്റേയും പൊതുസമൂഹത്തിന്റേയും പ്രത്യേക പരിഗണന വേണ്ട അട്ടപ്പാടി ആദിവാസി സമൂഹം നേരിടുന്ന അവഗണനയും അരക്ഷിതാവസ്ഥയും പല തവണ നിയമസഭയിലും പുറത്തും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഷോളയൂർ, പുതൂർ, അഗളി പഞ്ചായത്തുകളിലെ 192 ഊരുകളിലായി 12000 കുടുംബങ്ങളാണുള്ളത്. മേഖലയിൽ പോഷകാഹാരക്കുറവിനെ തുടർന്നുണ്ടാകുന്ന ശിശു മരണങ്ങൾ പൂർണമായും ഇല്ലാതാക്കാനും ഇതുവരെ സാധിച്ചിട്ടില്ല. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ വിവിധ പദ്ധതികൾ നടപ്പാക്കിയതിനെ തുടർന്ന് മരണസംഖ്യ കുറച്ചു കൊണ്ടുവരാൻ കഴിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ശിശുമരണങ്ങൾ വ്യാപകമായത് സർക്കാർ ഇടപെടലും സഹായവും കുറഞ്ഞെന്നതിന്റെ തെളിവാണ്. സർക്കാർ കോടികൾ ചെലവഴിക്കുന്നുവെന്ന് പറയുന്നുണ്ടെങ്കിലും അതിന്റെ ഗുണം ആദിവാസി സമൂഹത്തിന് ലഭിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന് മികച്ച ചികിത്സയും ഊരുകളിലേക്കുള്ള റോഡും പാലങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാൻ അടിയന്തിര പ്രധാന്യത്തോടെ കർമ്മപദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.