'കേരളം ഭരിക്കുന്നത് സ്ത്രീവിരുദ്ധ സർക്കാർ' - വി.ഡി സതീശൻ
|ജനങ്ങൾ ജീവിക്കാനുള്ള സമരം നടത്തുകയാണെന്നും ജനകീയ സമരത്തിന് ഒപ്പമാണ് യു.ഡി.എഫ് എന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു
പിണറായിയുടെ പൊലീസ് കുട്ടികൾക്കെതിരെ പോലും ജാമ്യമില്ലാ കേസ് എടുക്കുന്നുതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെ റെയിൽ വിരുദ്ധ സമരം ശക്തിപ്പെടുത്തും. സത്യം കാണാനുള്ള കണ്ണ് മുഖ്യമന്ത്രിക്ക് ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.
അധികാരത്തിന്റെ ദാർഷ്ട്യമാണ് പിണറായി വിജയനെന്നും പ്രതിപക്ഷം ശക്തിയായി പ്രതികരിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.ജനങ്ങൾ ജീവിക്കാനുള്ള സമരം നടത്തുകയാണെന്നും ജനകീയ സമരത്തിന് ഒപ്പമാണ് യു.ഡി.എഫ് എന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, ചോദ്യോത്തര വേളയിൽ പ്രതിഷേധവുമായി പ്രതിപക്ഷം. സഭാ നടപടികൾ സഹകരിക്കില്ലെന്നും പ്രതിഷേധം തുടരുമെന്നും ജനങ്ങളുടെ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഇതേ തുടർന്ന് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങിനിന്ന് ബഹളം വെച്ചു.
എന്നാൽ സഭയിൽ ബാനർ പ്രദർശിപ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പറഞ്ഞ സ്പീക്കർ ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്ന കീഴ് വഴക്കമില്ലെന്നും ചോദ്യോത്തര വേള തടസപെടുത്തരുതെന്നും ആവശ്യപ്പെട്ടു. ലോ കോളേജ് പ്രശ്നത്തിലധികം ഇന്ന് അടിയന്തര പ്രമേയനോട്ടീസ് നൽകാനിരിക്കുകയായിരുന്നു. എന്നാൽ കെ റെയിൽ വിരുദ്ധ സമരത്തിന് ഊർജം നൽകുക എന്ന തീരുമാനമാണ് പ്രതിപക്ഷം കൈകെണ്ടത്. ഭരണപക്ഷത്തിന്റെ ബഹളത്തിനും ഭീഷണിക്ക് വഴങ്ങില്ലെന്ന് പറഞ്ഞ് പ്രതിപക്ഷം സഭ നടപടികൾ ബഹിഷ്കരിച്ചു.
അതേസമയം ബോധപൂർവം പ്രശ്നം സൃഷ്ടിക്കരുതെന്ന് പറഞ്ഞ് സ്പീക്കർ സഭ നിർത്തിവെച്ചു. ചോദ്യോത്തര വേള സർക്കാരിനെ ആക്ഷേപിക്കാൻ പ്രതിപക്ഷ നേതാവ് ഉപയോഗിക്കുന്നു എന്നും അപവാദങ്ങൾ പ്രചരിപ്പിക്കാനാണ് പ്രതിപക്ഷ നേതാവിന് താൽപര്യമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
എന്നാൽ ചരിത്രത്തിൽ ആദ്യമായാണ് പ്രതിപക്ഷ നേതാവ് ചോദ്യോത്തര വേള ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നതെന്ന മന്ത്രി പി. രാജീവിന്റെ പരാമർശത്തിൽ ചരിത്രം പറയിപ്പിക്കരുതെന്നായിരുന്നു വി ഡി സതീശൻറെ മറുപടി. ഇത് സ്ത്രീ വിരുദ്ധ സർക്കാറാണെന്നും കുട്ടികളോടും നീതി കാണിക്കുന്നില്ലെന്നും തന്റെ മൈക്ക് ഓഫ് ചെയ്തത് തെറ്റാണെന്നും സതീശൻ പറഞ്ഞു.
മാടപ്പള്ളിയിൽ ഇന്നലെയുണ്ടായത് അസാധാരണ സംഭവങ്ങളായിരുന്നു. ഇന്നലെ പത്തരയോടെയായിരുന്നു ആദ്യ നീക്കം. മാടപ്പള്ളിയിലെ പത്താം വാർഡിലേക്ക് എത്തിയ കെ റെയിലിൻറെ വാഹനം സമരക്കാർ തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ കെ റെയിൽ ജീവനക്കാർ മടങ്ങി. എന്നാൽ രണ്ടാമത്തെ ശ്രമം പൊലീസിന്റെ ഒത്താശയോടെയായിരുന്നു. ഒരു മണിയോടെ കല്ലിടാൻ കെ റെയിൽ ജീവനക്കാർ വീണ്ടുമെത്തി. പക്ഷേ ഒറ്റക്കെട്ടായി സമരക്കാരും നാട്ടുകാരും അണിനിരന്നതോടെ പൊലീസ് അറസ്റ്റിലേക്ക് കടന്നു.
കേരള കോൺഗ്രസ് നേതാക്കളായ ജോസഫ് എം പുതുശ്ശേരി, വി ജെ ലാലി എന്നിവർക്കും പൊലീസ് നടപടിയിൽ പരിക്കേറ്റു . ഇരുപത്തിയഞ്ചോളം പേരെ അറസ്റ്റ് ചെയ്ത് നീക്കിയതിന് ശേഷമാണ് മാടപ്പള്ളിയിലെ ആദ്യത്തെ കല്ല് കെ റെയിൽ ജീവനക്കാർ സ്ഥാപിക്കാൻ സാധിച്ചത്. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സമര സമിതി തൃക്കൊടിത്താനം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.