മുഖ്യമന്ത്രി പറഞ്ഞത് കള്ളക്കണക്ക്; എം.പിമാർക്കേറ്റ മർദനത്തിന് പിന്നിൽ ഇടനിലക്കാരുണ്ടോ എന്ന് അന്വേഷിക്കണം- വി.ഡി സതീശൻ
|പദ്ധതി ചെലവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറയുന്നത് തെറ്റാണ്. ഇപ്പോൾ അവതരിപ്പിക്കുന്നത് കള്ളക്കണക്കാണെന്നും സതീശൻ പറഞ്ഞു
സിൽവർ ലൈനിന് കേന്ദ്ര അനുമതിക്കായി കഴിഞ്ഞ ഒരാഴ്ചയായി ഡൽഹിയിൽ ഇടനിലക്കാർ പ്രവർത്തിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.കഴിഞ്ഞ സർക്കാരിന്റെ കാലത്തെ സ്വർണക്കടത്ത് കേസിലെ അന്വേഷണം ഒരു സുപ്രഭാതത്തിൽ അവസാനിപ്പിക്കാൻ കാരണക്കാരായ അതേ ഇടനിലക്കാരാണ് ഇവിടെയും ഇടപെട്ടത്. ഇന്ന് ഡൽഹിയിൽ പൊലീസ് നടത്തിയ ക്രൂരമായ ആക്രമണത്തിന് പിന്നിൽ ഈ ഇടനിലക്കാരുണ്ടോ എന്ന് അന്വേഷിക്കണമെന്നും സതീശൻ പറഞ്ഞു.
ഇന്ന് പ്രധാനമന്ത്രിയെ കണ്ട ശേഷം പുതുതായി ഒന്നും പറയാൻ മുഖ്യമന്ത്രിക്കില്ല. പറഞ്ഞ അതേകാര്യം ആവർത്തിക്കുകയാണ്. കേന്ദ്രവും റെയിൽവെയും പണം നൽകില്ലെന്നറിഞ്ഞിട്ടും മുൻപ് തയ്യാറാക്കിയ അതേ കടലാസ് വീണ്ടും പത്രസമ്മേളനത്തിൽ വായിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പരിസ്ഥിതിലോല പ്രദേശമായ കേരളത്തെ തകർക്കുന്ന ഈ പദ്ധതിയെ കുറിച്ചാണ് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചത്. അതിന് മുഖ്യമന്ത്രി മറുപടി പറയുന്നില്ല. സിൽവർ ലൈൻ അഴിമതി പദ്ധതിയാണ്. ഡിപിആറിൽ അവ്യക്തതയുണ്ട്. ഈ പദ്ധതി കേരളത്തെ സാമ്പത്തികമായി തകർക്കും.
പദ്ധതി ചെലവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറയുന്നത് തെറ്റാണ്. ഇപ്പോൾ അവതരിപ്പിക്കുന്നത് കള്ളക്കണക്കാണെന്നും സതീശൻ പറഞ്ഞു.