എ.കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണം: വി.ഡി സതീശന്‍
|ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരാന്‍ എ.കെ ശശീന്ദ്രന്‍ യോഗ്യനല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സ്ത്രീ പീഡന പരാതി ഒതുക്കിത്തീർക്കാൻ ശ്രമിച്ച എ.കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാജിക്ക് തയാറായില്ലെങ്കില്‍ ശശീന്ദ്രനെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും ഒരു സ്ത്രീ നല്‍കിയ പരാതിയില്‍ മന്ത്രി പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇടപെട്ട് നീതി അട്ടിമറിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്നും സതീശന്‍ പറഞ്ഞു.
മന്ത്രിക്കെതിരെ യുവതിയുടെ പിതാവ് ഉന്നയിച്ചത് ഗുരുതര പരാതിയാണെന്നും മന്ത്രി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരാന്‍ എ.കെ ശശീന്ദ്രന്‍ യോഗ്യനല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചതിന്‍റെ പേരിൽ മന്ത്രി എ.കെ ശശീന്ദ്രനും പ്രതിയാകും എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രതികരിച്ചു. ഐ.പി.സി 118 പ്രകാരം മന്ത്രിക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. സർക്കാർ ഈ വിഷയത്തിൽ നടപടി സ്വീകരിക്കുമെന്നാണ് ജനങ്ങൾ ഇപ്പോൾ ഉറ്റുനോക്കുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്‍ പറഞ്ഞു.
മന്ത്രി ചെയ്തത് പദവിക്ക് നിരക്കാത്തതാണെന്നും വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ പ്രതികരിച്ചു. സ്ത്രീ സുരക്ഷയെ പറ്റി മുഖ്യമന്ത്രി വാചാലനാണ്. എന്നാൽ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരു മന്ത്രി പീഡന പരാതി ഒത്തുതീർപ്പാക്കാൻ ഇടപെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എൻ.സി.പി സംസ്ഥാന നിർവാഹക സമിതിയംഗം ജി പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി ശ്രമിച്ചതായാണ് ആരോപണം. കൊല്ലത്തെ പ്രാദേശിക എൻ.സി.പി നേതാവിന്റെ മകൾക്കെതിരെയുള്ള പരാതിയിലാണ് മന്ത്രിയുടെ നിയമവിരുദ്ധ ഇടപെടൽ.
കുറച്ചു ദിവസം കഴിഞ്ഞ് താങ്കളെ ഒന്ന് കാണാം, അവിടെ ഒരു വിഷയമുണ്ടല്ലോ പാർട്ടിയിൽ, പ്രയാസമില്ലാത്ത രീതിയിൽ പരിഹരിക്കണമെന്ന് മന്ത്രി ആവശ്യപ്പെടുകയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന യുവതിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരൻ കൈയിൽ കടന്നു പിടിച്ചെന്നാണ് പരാതി. അന്നുതന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. യുവതിയുടെ പേരിൽ ഫെയ്ക്ക് ഐ.ഡിയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളിൽ മോശം പ്രചാരണം നടത്തിയെന്നും പരാതിയുണ്ട്.