'ലീഗിനെ ചാരുന്നത് ക്ഷണിച്ചിട്ട് വരാത്തതിലുള്ള ജാള്യത മറക്കാൻ'; ഇപി ജയരാജന് വി ഡി സതീശന്റെ മറുപടി
|മുസ്‌ലിം ലീഗിനെ കോൺഗ്രസിന് സംശയമാണെന്നും കോൺഗ്രസ് അവരുടെ പിന്നാലെ നടക്കുകയാണെന്നും ഇ.പി ജയരാജൻ ആരോപിച്ചിരുന്നു
മുസ്‌ലിം ലീഗിനെ കോൺഗ്രസിന് സംശയമാണെന്ന് ആരോപിച്ച എൽഡിഎഫ് കൺവീനർ ഇപി ജയരാജന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മറുപടി. ലീഗിനെ ചാരുന്നത് ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ക്ഷണിച്ചിട്ട് വരാത്തതിലുള്ള ജാള്യത മറക്കാനാണെന്നും ലീഗും കോൺഗ്രസും തമ്മിലുള്ള ബന്ധം എത്ര പഴക്കമുള്ളതാണെന്ന് എല്ലാവർക്കും അറിയാമെന്നും വിഡി സതീശൻ പറഞ്ഞു.
ഈയിടെ നടന്ന എംവി രാഘവൻ അനുസ്മരണ ചടങ്ങിൽ ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹം പിന്മാറിയിരുന്നു. ഈ പരിപാടിയിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതിരിക്കാൻ പലരെയും കോൺഗ്രസ് സ്വാധീനിച്ചുവെന്നും കോൺഗ്രസ് ആകെ അസ്വസ്ഥരാണെന്നും ഇപി ഇന്ന് വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. മുസ്‌ലിം ലീഗിനെ കോൺഗ്രസിന് സംശയമാണെന്നും അതിനാൽ കോൺഗ്രസ് അവരുടെ പിന്നാലെ നടക്കുകയാണെന്നും അത്രമാത്രം ദുർബലരാണ് അവരെന്നും അദ്ദേഹം പരിഹസിച്ചു. ലീഗിന്റെ സഹായത്തിൽ കഴിഞ്ഞുകൂടുന്ന പാർട്ടിയായി കോൺഗ്രസ് മാറിയെന്നും ഇ.പി ജയരാജൻ പറഞ്ഞു.
സർക്കാറിനെതിരെയുള്ള വിമർശനവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. സംസ്ഥാനത്ത് നികുതി പിരിവിൽ വൻ വീഴ്ചയുണ്ടെന്നും നികുതി വെട്ടിപ്പുകാരിൽ നിന്ന് പണം പിരിച്ച് പരിപാടികൾ നടത്താനാണ് നിർദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. പണം കൊടുത്തിട്ട് വേണം ഇപി ജയരാജൻ വാചകം അടിക്കാനെന്നും വിഡി സതീശൻ പറഞ്ഞു. ജനകീയ ഹോട്ടലുകളുടെ കുടിശിക ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.