മുഖ്യമന്ത്രി സോഷ്യൽ മീഡിയ മാനേജ്മെന്റിന് മാസം കൊടുക്കുന്നത് 6.67 ലക്ഷം; ധൂർത്തിന്റെ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി: വി.ഡി സതീശൻ
|മാസത്തിൽ പത്തോ ഇരുപതോ പോസ്റ്റിടാനാണ് ഇത്രയും വലിയ തുക മുടക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
തിരുവനന്തപുരം: മുഖ്യമന്ത്രി സോഷ്യൽ മീഡിയ മാനേജ്മെന്റിന് മാസം കൊടുക്കുന്നത് 6.67 ലക്ഷം രൂപയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഒരു വർഷം 80 ലക്ഷത്തോളം രൂപയാണ് ചെലവ് വരുന്നത്. 12 അംഗ ടീമിനാണ് ഇത്രയും വലിയ തുക മുടക്കുന്നത്. 75,000 മുതൽ 22,000 രൂപ വരെയാണ് ഇവരുടെ ശമ്പളം. മാസത്തിൽ പത്തോ ഇരുപതോ പോസ്റ്റിടാനാണ് ഇത്രയും വലിയ തുക മുടക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
മെഡിക്കൽ സർവീസസ് കോർപ്പറേഷനുമായി ബന്ധപ്പെട്ട് വലിയ അഴിമതിയാണ് നടന്നതെന്നും സതീശൻ ആരോപിച്ചു. 26 ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ വിതരണം ചെയ്തു. 483 ആശുപത്രികളിലേക്ക് നിലവാരമില്ലാത്തതിനാൽ നിർത്തിവെച്ച മരുന്നുകൾ വിതരണം ചെയ്തു. മരുന്ന് കമ്പനികൾ ഉപേക്ഷിക്കുന്ന മരുന്നുകളാണ് വിതരണം ചെയ്യുന്നത്. ഗുണനിലവാരമില്ലാത്ത 'ചാത്തൻ മരുന്നുകളാണ്' മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നൽകിയത്. സപ്ലൈകോയിലെ 13 അവശ്യസാധനങ്ങളുടെ ടെൻഡർ രണ്ടു മാസമായി നടത്തിയിട്ടില്ല. മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ക്രമക്കേടി മുഖ്യമന്ത്രി മറുപടി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.
മാസപ്പടി വാങ്ങിയത് കള്ളപ്പണ ഇടപാടിന്റെ പരിധിയിൽ വരും. സർവീസ് നൽകിയിട്ടില്ല എന്ന് സി.എം.ആർ.എൽ തന്നെ പറഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച് ഇ.ഡി അന്വേഷണം നടന്നിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അതിന് ശേഷം ബാക്കി പറയാമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.