ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ മുഖ്യമന്ത്രിയെ ക്ഷണിക്കാൻ നിർദേശിച്ചത് മുതിർന്ന നേതാക്കൾ: വി.ഡി സതീശൻ
|പുതുപ്പള്ളിയിലെ സ്ഥാനാർഥിയെ കോൺഗ്രസ് അധ്യക്ഷൻ തീരുമാനിക്കുമെന്നും സതീശൻ വ്യക്തമാക്കി.
തിരുവനന്തപുരം: കെ.പി.സി.സി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കാൻ നിർദേശിച്ചത് മുതിർന്ന നേതാക്കളെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകും. പക്ഷേ, തീരുമാനമെടുത്താൻ പിന്നെ ഒറ്റക്കെട്ടാണ്. കെ.പി.സി.സി പ്രസിഡന്റ് പ്രതിപക്ഷനേതാവോ ഒറ്റക്കെടുത്ത തീരുമാനമല്ല ഇതെന്നും സതീശൻ പറഞ്ഞു.
ഉമ്മൻചാണ്ടി അനുസ്മരണത്തിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചതിൽ കോൺഗ്രസിനകത്ത് കടുത്ത അതൃപ്തിയുണ്ട്. എ.കെ ആന്റണിയും രമേശ് ചെന്നിത്തലയുമാണ് പിണറായിയെ വിളിക്കാൻ നിർദേശിച്ചത്. കെ. സുധാകരനും സതീശനും ഇതിൽ എതിർപ്പുണ്ടായിരുന്നു. ഇവർ പിന്നെ നേതൃത്വത്തിന്റെ നിർബന്ധത്തിന് വഴങ്ങുകയായിരുന്നു.
പുതുപ്പള്ളിയിലെ സ്ഥാനാർഥിയെ കോൺഗ്രസ് അധ്യക്ഷൻ തീരുമാനിക്കുമെന്നും സതീശൻ വ്യക്തമാക്കി. എല്ലാവരുമായും ചർച്ച നടത്തും. സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള അവകാശമെങ്കിലും കോൺഗ്രസിന് മാധ്യമങ്ങൾ നൽകണം. തെരഞ്ഞെടുപ്പ് കമ്മീഷൻ തിയ്യതി പ്രഖ്യാപിച്ചാൽ മണിക്കൂറുകൾക്കകം സ്ഥാനാർഥിയെ പ്രഖ്യാപിക്കും. സ്ഥാനാർഥി ചർച്ചകളിൽനിന്ന് കോൺഗ്രസ് നേതാക്കളും പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.