സിപിഎം നടത്തുന്നത് ഭൂരിപക്ഷ പ്രീണനം; പൂരം കലങ്ങിയിട്ടില്ലെന്ന വാദം അന്വേഷണം അട്ടിമറിക്കാൻ: വി.ഡി സതീശൻ
|മഅ്ദനിക്ക് വേണ്ടി വേദിയിൽ കാത്തിരുന്നയാളാണ് പിണറായി വിജയൻ. അദ്ദേഹത്തിന് പറയാൻ മടിയുള്ള കാര്യങ്ങൾ ജയരാജനെക്കൊണ്ട് പറയിപ്പിക്കുകയാണെന്നും സതീശൻ ആരോപിച്ചു.
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സിപിഎം ഭൂരിപക്ഷ പ്രീണനം നടത്തുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. അവസരവാദ രാഷ്ട്രീയമാണ് സിപിഎം സ്ഥിരമായി പയറ്റുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ പ്രീണനമായിരുന്നു. പക്ഷേ അത് കിട്ടില്ലെന്ന് മനസ്സിലായപ്പോൾ നയം മാറ്റുകയാണ്. സിപിഎമ്മിനെ പിന്തുണച്ചപ്പോൾ ജമാഅത്തെ ഇസ്ലാമി നല്ലവരായിരുന്നു. വോട്ട് കിട്ടില്ലെന്നായപ്പോൾ അവർ കുഴപ്പക്കാരായി. മഅ്ദനിക്ക് വേണ്ടി വേദിയിൽ കാത്തിരുന്നയാളാണ് പിണറായി വിജയൻ. ഇപ്പോൾ ഭൂരിപക്ഷ വോട്ട് ലക്ഷ്യമിച്ച് എല്ലാം തിരുത്തുകയാണ്. പിണറായിക്ക് പറയാനുള്ളത് ജയരാജനെക്കൊണ്ട് പറയിപ്പിക്കുകയാണെന്നും സതീശൻ പറഞ്ഞു.
പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത് അന്വേഷണം അട്ടിമറിക്കാനാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. പൂരം കലങ്ങിയിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് അദ്ദേഹം ചോദിച്ചു. തൃശൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ് സുനിൽകുമാർ തന്നെ പറഞ്ഞത് പൂരം കലങ്ങിയെന്നാണ്. എം.ആർ അജിത്കുമാറാണ് അതിന് നേതൃത്വം നൽകിയത്. നാല് തലത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചിട്ട് പൂരം കലങ്ങിയിട്ടില്ലെന്ന് അതിന്റെ തലപ്പത്തിരിക്കുന്ന മുഖ്യമന്ത്രി പറയുന്നത് അന്വേഷണത്തെ സ്വാധീനിക്കും. മുഖ്യമന്ത്രി പറഞ്ഞതിന് എതിരായി ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് കൊടുക്കാനാവില്ലെന്നും സതീശൻ പറഞ്ഞു.