' സിപിഎമ്മിന്റെ സമരത്തിനിടയിലേക്കാണ് ഒരാൾ ഇത്തരത്തിൽ വന്നിരുന്നെങ്കിൽ അയാളുടെ അനുശോചനം ആചരിക്കേണ്ടി വന്നേനെ ' വി.ഡി സതീശൻ
|' കേരളത്തിൽ അക്രമസമര പരമ്പരകൾ നടത്തിയവരാണ് കോൺഗ്രസ് സമരത്തെ വിമർശിക്കുന്നത് '
ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് നടത്തിയ സമരം നടൻ ജോജു ജോർജ് എതിർത്തതിനെ തുടർന്നുണ്ടായ വിഷയത്തിൽ സഭയിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
' നിങ്ങൾ സമരം നടത്തുന്ന സ്ഥലത്തേക്കാണ് ഒരാൾ വന്ന് ബഹളമുണ്ടാക്കിയതെങ്കിൽ എന്തായിരുന്നേനെ അയാളുടെ സ്ഥിതി?, ഇന്ന് അയാൾക്ക് വേണ്ടി അനുശോചന യോഗം ചേരേണ്ടി വന്നേനെ'- വി.ഡി. സതീശൻ പറഞ്ഞു.
ജോജു ജോർജിനെ കോൺഗ്രസ് നേതാക്കൾ മദ്യപനായി ചിത്രീകരിച്ചത് ശരിയായില്ലെന്നും അതേക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അന്വേഷിക്കണമെന്നും അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരളത്തിൽ അക്രമസമര പരമ്പരകൾ നടത്തിയവരാണ് കോൺഗ്രസ് സമരത്തെ വിമർശിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. എങ്ങനെ സമരം നടത്തണമെന്ന് സിപിഎം പഠിപ്പിക്കേണ്ട. കൊച്ചിയിൽ എന്തിനു വേണ്ടിയായിരുന്നു സമരം എന്ന് ജനങ്ങൾ വിലയിരുത്തട്ടെ. എന്തു സാഹചര്യത്തിലാണ് നടൻ ബഹളമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി അന്വേഷിക്കണം. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് നടൻ മദ്യപിച്ച് ലക്കുകെട്ട് സംസാരിക്കുന്നതായി കോൺഗ്രസ് പ്രവർത്തകരോട് പറഞ്ഞതെന്നും വി.ഡി.സതീശൻ പറഞ്ഞു.
സിനിമാ താരത്തെ വഴിതടഞ്ഞതും വണ്ടി അടിച്ചു പൊട്ടിച്ചതും ആരാണെന്നു ധനമന്ത്രി കെ.എൻ.ബാലഗോപാലും ചോദിച്ചു. അതിനുശേഷം ജോജു മദ്യപിച്ചതായി കപട പ്രചാരണം നടത്തുകയാണെന്നും ധനമന്ത്രി പറഞ്ഞു.