Kerala
VD Satheeshan against MM Mani
Kerala

മാന്യൻമാരെ ചീത്ത വിളിക്കാൻ കള്ളും നൽകി ആളെ വിടുന്നതു പോലെയാണ് എം.എം മണിയെ സി.പി.എം ഇറക്കുന്നത്: വി.ഡി സതീശൻ

Web Desk
|
19 March 2024 12:04 PM GMT

എം.എം മണിയെ നിയന്ത്രിക്കാനോ അല്ലെങ്കിൽ എന്തെങ്കിലും അസുഖമുണ്ടെങ്കിൽ ഡോക്ടറെ കാണിക്കാനോ സി.പി.എം തയ്യാറാവണമെന്ന് സതീശൻ പറഞ്ഞു.

പത്തനംതിട്ട: ഡീൻ കുര്യക്കോസിനെതിരെ എം.എം മണി അധിക്ഷേപ പരാമർശം നടത്തിയതിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. മാന്യൻമാരെ ചീത്ത വിളിക്കാൻ അവരുടെ വീടിന് മുന്നിലേക്ക് കള്ളും നൽകി ആളെ വിടുന്നത് പോലെയാണ് എം.എം മണിയെ സി.പി.എം വിട്ടതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. എം.എം മണിയെ ഇറക്കി നേതാക്കളെ അധിക്ഷേപിക്കുന്നത് സി.പി.എം-ബി.ജെ.പി അവിശുദ്ധ ബാന്ധവവും ബിസിനസ് ബന്ധവും മറയ്ക്കാനാണ്. പിണറായി വിജയന്റെയും എം.വി ഗോവിന്ദന്റെയും ഇ.പി ജയരാജന്റെയും അറിവോടെയാണ് എം.എം മണി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ കുര്യനെയും യു.ഡി.എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിനെയും അധിക്ഷേപിച്ചതെന്നും സതീശൻ പറഞ്ഞു.

എന്തും പറയാൻ മടിക്കാത്ത ആളാണ് എം.എം മണി. മണിയെ നിയന്ത്രിക്കാനോ അല്ലെങ്കിൽ എന്തെങ്കിലും അസുഖമുണ്ടെങ്കിൽ ഡോക്ടറെ കാണിക്കാനോ സി.പി.എം തയ്യാറാവണം. പി.ജെ കുര്യനെപ്പോലുള്ള രാഷ്ട്രീയ നേതാവിനെ നിലവാരം കുറഞ്ഞ വർത്തമാനം പറഞ്ഞ് അധിക്ഷേപിക്കുന്നത് തെറ്റാണ്. അതിനെതിരെ ശക്തിയായി പ്രതിഷേധിക്കുമെന്നും സതീശൻ വ്യക്തമാക്കി.

ആര്‍.എസ്.എസ് നേതാക്കളുമായി തിരുവനന്തപുരത്തെ മാസ്‌കറ്റ് ഹോട്ടലില്‍ ചര്‍ച്ച നടത്തിയ ആളാണ് പിണറായി വിജയന്‍. ചര്‍ച്ചയ്ക്ക് ഇടനിലക്കാരനായിരുന്ന ശ്രീ എമ്മിന് നാലേക്കര്‍ സ്ഥലം സൗജന്യമായി നല്‍കി. 1977 ല്‍ ആദ്യമായി പിണറായി വിജയന്‍ എം.എല്‍.എ ആയതും ആര്‍.എസ്.എസ് പിന്തുണയിലാണ്. എല്ലാകാലവും ആര്‍.എസ്.എസുമായി ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് പിണറായി വിജയന്‍. ആ ബന്ധം ഇപ്പോള്‍ ഊട്ടിയുറപ്പിക്കുകയാണ്. ഇവര്‍ തമ്മിലുള്ള ബാന്ധവമാണ് കേരള രാഷ്ട്രീയത്തിലെ ചര്‍ച്ചാ വിഷയം. സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചു നിന്നാലും യു.ഡി.എഫ് അവരെ തോല്‍പിക്കും. പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കില്ലെന്നും തൃശൂരിലും വടകരയിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുമെന്നും കോണ്‍ഗ്രസിനെ എന്തുവില കൊടുത്തും തോല്‍പ്പിക്കുമെന്നുമാണ് സുരേന്ദ്രന്‍ വാശിയോടെ പറഞ്ഞത്.

സി.പി.എമ്മിനെ ജയിപ്പിക്കാന്‍ ബി.ജെ.പിയും ബി.ജെ.പിയുടെ ചില സ്ഥാനാർഥികളെ ജയിപ്പിക്കാന്‍ സി.പി.എമ്മും ഇറങ്ങിയിരിക്കുകയാണ്. ഈ അവിശുദ്ധ ബാന്ധവത്തിന് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ചുട്ടമറുപടി നല്‍കും. വിശ്വാനാഥ മേനോനും അല്‍ഫോണ്‍സ് കണ്ണന്താനവും സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത് പിണറായി പാര്‍ട്ടി സെക്രട്ടറിയായി ഇരിക്കുമ്പോഴാണ്. ആദ്യമായി ഏറ്റവും കൂടുതല്‍ നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോയതും സി.പി.എമ്മില്‍ നിന്നാണെന്നും സതീശൻ പറഞ്ഞു.

Related Tags :
Similar Posts